2011, ജൂലൈ 31, ഞായറാഴ്‌ച

നോമ്പിന്റെ അനുഗ്രഹങ്ങള്‍

നോമ്പിന്റെ അനുഗ്രഹങ്ങള്‍
മനുഷ്യന്റെ ആത്മീയചൈതന്യത്തെ ദേഹേഛകളുടെ സമ്മര്‍ദത്തില്‍നിന്ന് വലിയൊരളവോളം മോചിപ്പിക്കുന്നു എന്നതാണ് നോമ്പിന്റെ ഏറ്റവും വലിയ അനുഗ്രഹം. നമ്മുടെ ആത്മീയപ്രകൃതിയുടെ യഥാര്‍ഥ ആഭിമുഖ്യം ഉപരിലോക(മലഉല്‍ അഅ്ലാ)ത്തേക്കാണ്. അത് സഹജമായിത്തന്നെ ദൈവസാമീപ്യത്തിനും മലക്കുകളുമായുള്ള താദാത്മ്യത്തിനും കൊതിക്കുന്നു. അധമമായ പ്രവണതകളില്‍നിന്ന് മോചനം ആഗ്രഹിക്കുന്നു. ഭൌതികജീവിതത്തിന്റെ താല്‍പര്യങ്ങളില്‍ ബന്ധിതമായിരിക്കെത്തന്നെ ഉന്നതവും ധാര്‍മികവുമായ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാന്‍ അതാഗ്രഹിക്കുന്നു. ആത്മാവിന്റെ ഈ താല്‍പര്യങ്ങള്‍ക്കും ശരീരത്തിന്റെ ഈ ആസക്തികള്‍ക്കുമിടയില്‍ തികഞ്ഞ വൈരുധ്യമുണ്ട്. അവ രണ്ടും സദാ സംഘട്ടനത്തിലാണ്. സംഘട്ടനത്തില്‍ ജയിക്കുന്നത് മിക്കപ്പോഴും ശരീരത്തിന്റെ ആസക്തികളായിരിക്കും. അതിനു കാരണമുണ്ട്. ആസക്തികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ മനുഷ്യന് പെട്ടെന്നുതന്നെ അതിന്റെ സുഖാനുഭൂതികള്‍ ലഭിക്കുന്നു. എന്നാല്‍, ആത്മാവിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ പെട്ടെന്നുള്ള യാതൊരു സുഖവും ലഭിക്കുന്നില്ല. എന്നല്ല, അത്തരത്തിലുള്ള ധാരാളം സുഖങ്ങളെയും അനുഭൂതികളെയും അതിനുവേണ്ടി ബലികൊടുക്കുകയും ചെയ്യേണ്ടതുണ്ട്.

ആത്മാവിന്റെ സ്വാഭാവിക താല്‍പര്യങ്ങള്‍ക്ക് തികച്ചും വിപരീതമാണ് ഈ സ്ഥിതിവിശേഷം എന്നത് വ്യക്തമാണല്ലോ. ഈയവസ്ഥ കുറേക്കാലം ഇങ്ങനെ തുടര്‍ന്നുപോയാല്‍ ആത്മാവിന്, ഇഷ്ടപ്പെട്ട മേഖലകളില്‍ വിഹരിക്കാന്‍ അവസരം ലഭിക്കാതെവരും. അതോടെ ഉയര്‍ന്നു പറക്കാനുള്ള ആത്മാവിന്റെ ശക്തിയെ തളര്‍ച്ച പിടികൂടുന്നു. അങ്ങനെ പതുക്കെപ്പതുക്കെ ആ കഴിവ് തീരെ നശിച്ചുപോവുകയും ചെയ്യുന്നു.

വ്രതാനുഷ്ഠാനം ഈ അവസ്ഥയില്‍ കൂടെക്കൂടെ മാറ്റം വരുത്തിക്കൊണ്ടിരിക്കും. ദേഹേഛകളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളുടെ മേല്‍ നോമ്പ് നിയന്ത്രണമേര്‍പ്പെടുത്തുന്നു. മനുഷ്യന്റെ തീറ്റയും കുടിയും ഉറക്കവുമെല്ലാം കുറയുന്നു. മറ്റുള്ള സുഖാസ്വാദനങ്ങള്‍ക്കു മേലും ചില നിയന്ത്രണങ്ങള്‍ വന്നുചേരുന്നു. തന്മൂലം ദേഹേഛകളുടെ സ്വൈര വിഹാരം ഗണ്യമായി കുറയുന്നു. ആത്മാവിന് അതിന്റെ ഇഷ്ടപ്പെട്ട മേഖലകളില്‍ വിഹരിക്കാന്‍ ധാരാളം അവസരം ലഭിക്കുകയും ചെയ്യുന്നു.

ഇങ്ങനെയൊരു സവിശേഷത നോമ്പിനുള്ളതുകൊണ്ടാണ് അത് തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് പ്രത്യേകമായ പ്രതിഫലവും അവന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്ലാമിലെ എല്ലാ അനുഷ്ഠാനകര്‍മങ്ങളും അല്ലാഹുവിനുള്ളതാണ്. എന്നാല്‍ വ്രതാനുഷ്ഠാനത്തിന്റെ പ്രത്യേകതയിതാണ്: ഭൌതികമായ എല്ലാ സുഖഭോഗങ്ങളും ത്യജിച്ച് അല്ലാഹുവിനോട് അടുക്കാനും മലക്കുകളോട് സാദൃശ്യം നേടാനുമുള്ള പരിശ്രമമാണ് അതില്‍ നടത്തപ്പെടുന്നത്. ഇതിനു വേണ്ടി വളരെയധികം കഷ്ടപ്പാടുകള്‍ അവന്‍ സഹിക്കുന്നുണ്ട്. ഇത്ര ക്ളേശം മറ്റൊരു അനുഷ്ഠാനത്തിനും സഹിക്കേണ്ടിവരുന്നില്ല. ദാരിദ്യ്രം, സന്യാസം, വിരക്തി, നിസ്സംഗത, ഭൌതിക പരിത്യാഗം, ദൈവത്തിലേക്കുള്ള ആഭിമുഖ്യം മുതലായ ഗുണങ്ങള്‍ മറ്റൊരനുഷ്ഠാനത്തിലും ഇത്രയധികം പ്രകടമാകുന്നില്ല. ഇസ്ലാം അനുവദിച്ച പരിധിയിലുള്ള സന്യാസത്തിന്റെ പ്രകടനമാണ് അതെന്ന് പറഞ്ഞാലും തെറ്റാവുകയില്ല. അല്ലെങ്കില്‍ ആത്മാവിന്റെ ശിക്ഷണത്തിന് ഇസ്ലാം അഭികാമ്യമായി കാണുന്ന അളവിലുള്ള സന്യാസത്തിന്റെ സാക്ഷാത്കാരമാണ് അതെന്നു പറയാം. ഭൌതികലോകത്തിന്റെ കെട്ടുപാടുകളില്‍നിന്ന് മോചനം നേടി ആത്മീയലോകത്തേക്ക് പറന്നുപൊങ്ങാന്‍ തന്റെ ആത്മാവിന് ശക്തികൈവരണമെന്നും ദൈവസാമീപ്യം ലഭിക്കണമെന്നുമുള്ള ആത്മാര്‍ഥമായ ഉദ്ദേശ്യത്തോടുകൂടി ഒരാള്‍ വ്രതാനുഷ്ഠാനത്തിന്റെ ക്ളേശങ്ങളത്രയും സഹിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേകമായ സാമീപ്യത്തിനും നോമ്പിന്റെ പ്രതിഫലം അല്ലാഹുവില്‍നിന്ന് പ്രത്യേകമായി ലഭിക്കുന്നതിനും അയാള്‍ അര്‍ഹനായിത്തീരുമെന്ന കാര്യം തീര്‍ച്ചയാണ്. ഒരു ഹദീസില്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുള്ളത് കാണുക:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "അല്ലാഹു അരുള്‍ചെയ്തിട്ടുണ്ട്. മനുഷ്യന്റെ എല്ലാ കര്‍മങ്ങളും അവന്നു തന്നെയുള്ളതാണ്. എന്നാല്‍ നോമ്പ് എനിക്കുള്ളതാകുന്നു. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. നോമ്പ് ഒരു പരിചയാകുന്നു. നോമ്പനുഷ്ഠിച്ചവര്‍ അശ്ളീലം പറയരുത്. വല്ലവരും വഴക്കിനു വന്നാല്‍, അവനോട്, ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായിന്റെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാളും സുഗന്ധമേറിയതാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് നോമ്പു തുറക്കുമ്പോള്‍ അവന് ലഭിക്കും. രണ്ടാമത്തേത് അവന്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും.'' മറ്റൊരു ഹദീസില്‍ ഇതുമായി ബന്ധപ്പെട്ട വേറെചില യാഥാര്‍ഥ്യങ്ങള്‍ കൂടി വ്യക്തമാക്കിയിട്ടുണ്ട്. മുകളിലുദ്ധരിച്ച ഹദീസിന്റെ ശരിയായ അന്തസ്സത്ത മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നതു കൊണ്ട് ആ ഹദീസ് കൂടി ഇവിടെ ചേര്‍ക്കാം:

"അല്ലാഹു പറഞ്ഞു: മനുഷ്യന്‍ എനിക്കു വേണ്ടി ഭക്ഷണവും പാനീയവും ലൈംഗിക മോഹങ്ങളും ത്യജിക്കുകയാണ്. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. നന്മകള്‍ക്ക് പത്തിരട്ടി പ്രതിഫലമുണ്ടാകും. (മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ നന്മകള്‍ക്ക് പത്തു മുതല്‍ എഴുനൂറ് വരെ ഇരട്ടിയാണുള്ളത്). എന്നാല്‍ നോമ്പിനെക്കുറിച്ച് അല്ലാഹു പറഞ്ഞിരിക്കുന്നു: അതെനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. മനുഷ്യന്‍ അവന്റെ ഭക്ഷണവും പാനീയവും ലൈംഗിക മോഹങ്ങളും എനിക്ക് വേണ്ടിയാണ് ഉപേക്ഷിക്കുന്നത്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന്, നോമ്പ് തുറക്കുന്ന സമയത്താണ് ലഭിക്കുക. രണ്ടാമത്തേത് അല്ലാഹുവുമായി സന്ധിക്കുന്നസമയത്തും. അവന്റെ വായിന്റെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും.''

ഈ രണ്ടു നിവേദനങ്ങളും ചേര്‍ത്തുവെച്ച് ചിന്തിച്ചാല്‍ വ്യക്തമാകും, നോമ്പ് തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞത് എന്തിനാണെന്ന്. സ്വന്തം കൈകൊണ്ടു തന്നെ അതിന് അവന്‍ പ്രതിഫലം നല്‍കുന്നത് എന്തിനാണെന്നും.

നോമ്പു തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞത്, അവന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനു വേണ്ടി മനുഷ്യന്‍ തന്റെ വികാരങ്ങളെയും ആസക്തികളെയും പരിത്യജിക്കുന്നതുകൊണ്ടാണ്. അവന്റെ ശരീരത്തിന്റെ മേല്‍ ഏറെ അധീശത്വമുള്ള വികാരങ്ങളാണവ. അവന്റെ എല്ലാ ഭൌതികസുഖങ്ങളുടെയും നിദാനം അവയാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് ആ സുഖാനുഭൂതികള്‍ പരിത്യജിക്കുന്നത് അല്ലാഹു ഏറെഇഷ്ടപ്പെടുന്നു. അതിനാല്‍ സ്നേഹബന്ധത്തിന്റെ സവിശേഷപദവി അവന്‍ നോമ്പുകാരന് നല്‍കി. തനിക്കു വേണ്ടിയാണ് അയാള്‍ നോമ്പനുഷ്ഠിച്ചതെന്നും തന്റെ പ്രീതിക്കു വേണ്ടിയാണ് ആഹാരപാനീയങ്ങളും മറ്റു സുഖാസ്വാദനങ്ങളും ഉപേക്ഷിച്ചതെന്നും പ്രസ്താവിക്കുകയും ചെയ്തു.

സ്വന്തം കൈകൊണ്ടു തന്നെ പ്രതിഫലം നല്‍കുമെന്ന് പറഞ്ഞതിന്റെ വിവക്ഷയിതാണ്: നന്മക്ക് പ്രതിഫലം നല്‍കുക എന്നത് അല്ലാഹുവിന് അവന്റെ ദാസന്മാരുമായുള്ള ഒരു കരാറും വ്യവസ്ഥയുമാണ്. സാഹചര്യമനുസരിച്ച് പത്തു മുതല്‍ എഴുനൂറ് ഇരട്ടി വരെ പ്രതിഫലം നല്‍കപ്പെടും. ഒരു നന്മ അനുകൂലസാഹചര്യത്തിലാണ് ചെയ്തത്. മറ്റൊരു നന്മ ചെയ്യപ്പെട്ടത് തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ്. അല്ലെങ്കില്‍ ഒരു നന്മ വളരെ സൂക്ഷ്മതയോടും ഹൃദയസാന്നിധ്യത്തോടും കൂടിയാണ് ചെയ്തത്. മറ്റൊരു നന്മ അത്രതന്നെ സൂക്ഷ്മതയും ഹൃദയ സാന്നിധ്യവുമില്ലാതെ ചെയ്തതാണ്. ഇത്തരം വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് ഓരോ നന്മയും അര്‍ഹിക്കുന്ന പ്രതിഫലംഅല്ലാഹുവിന്റെ രജിസ്ററില്‍ രേഖപ്പെടുത്തുന്നതാണ്. അങ്ങനെ ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാല്‍ വ്രതാനുഷ്ഠാനത്തെ അല്ലാഹു ഈ മാനദണ്ഡത്തില്‍ ഒതുക്കിയിട്ടില്ല. അല്ലാഹുവിനു മാത്രം നിശ്ചയമുള്ള മറ്റേതോ മാനദണ്ഡമാണ് അതിനു വെച്ചിട്ടുള്ളത്. പ്രതിഫലം നല്‍കേണ്ട സമയമാകുമ്പോള്‍ അല്ലാഹു അത് പുറത്തെടുക്കുകയും സ്വന്തം കൈകൊണ്ടു തന്നെ നോമ്പുകാരന് പ്രതിഫലം നല്‍കുകയും ചെയ്യും. പ്രതിഫലദാനത്തിന് ഇത്രമേല്‍ സംവിധാനമുള്ള ഒരു പുണ്യകര്‍മത്തിന് ആകാശഭൂമികളുടെ മുഴുവന്‍ അധിപതിയായ അല്ലാഹു എന്തുമാത്രം പ്രതിഫലം നല്‍കുമെന്ന് ഊഹിക്കാമല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ