2015, ജനുവരി 6, ചൊവ്വാഴ്ച

പ്രവാചക സ്‌നേഹം

അസ്സലാമു അലൈക്കും.
പ്രവാചക സ്‌നേഹം
عَنْ أَنَسٍ قَالَ : قَالَ النَّبِيُّ صلى الله عليه وسلم : لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ.(مسلم)
അനസ്(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (മുസ്‌ലിം)
വിശ്വസിക്കുന്നു, സത്യവിശ്വാസിയാവുന്നു :يُؤْمِنُ
ഒരാള്‍: أَحَد
വരെ: حَتّى
ഞാനാവുന്നു: أَكٌون
ഏറ്റവും പ്രിയപ്പെട്ടവന്‍: أّحبّ
പിതാവ്: وَالد
സന്താനം: ولَد
മുഴുവന്‍: أَجْمَعِين
അനസ്(റ)വില്‍ നിന്ന് നിവേദനം: عَنْ أَنَسٍ قَالَ
നബി(സ) പറഞ്ഞു: قَالَ النَّبِيُّ صلى الله عليه وسلم
നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല: لاَ يُؤْمِنُ أَحَدُكُمْ
അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ: حَتَّى أَكُونَ أَحَبَّ إِلَيْهِ
സ്വന്തം പിതാവിനെക്കാളും: مِنْ وَالِدِهِ
സന്താനത്തെക്കാളും: وَوَلَدِهِ
മുഴുവന്‍ മനുഷ്യരെക്കാളും: وَالنَّاسِ أَجْمَعِينَ
love_prophet
മനുഷ്യരുടെ കൂട്ടത്തില്‍ നാം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത് പ്രവാചകപ്രഭു മുഹമ്മദ് നബി(സ)യെയാണ്. മുഅ്മിന്‍ ആവാന്‍ അത് അനിവാര്യമാണ്. അങ്ങനെയെങ്കില്‍ എന്താണ് പ്രവാചകനോടുള്ള സ്‌നേഹം എന്ന് നാം അറിഞ്ഞിരിക്കേണ്ടതില്ലേ?
മനുഷ്യരെ അജ്ഞതയില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും നരകത്തില്‍നിന്നും രക്ഷപ്പെടുത്തിയ പ്രവാചകന്‍(സ) മനുഷ്യരുടെ സ്‌നേഹവും ആദരവും മറ്റാരെക്കാളും അര്‍ഹിക്കുന്നു. ഖുര്‍ആന്‍ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട് (അത്തൗബ 24).
ഒരാളോടുള്ള നമ്മുടെ സ്‌നേഹം പൂര്‍ണമാകുന്നത് ആ വ്യക്തിയുടെ സ്വഭാവവും സംസ്‌കാരവും നാം സ്വീകരിക്കുമ്പോഴാണ്. പ്രവാചകസ്‌നേഹമെന്നാല്‍, പ്രവാചകനെ എനിക്ക് വലിയ കാര്യമാണെന്ന് അവകാശപ്പെടല്‍ മാത്രമല്ല; അവിടുന്ന് പഠിപ്പിച്ച ആശയാദര്‍ശങ്ങളും സ്വഭാവചര്യകളും സ്‌നേഹത്തോടെ ജീവിതത്തില്‍ പകര്‍ത്തല്‍ കൂടിയാണ്.
നിങ്ങള്‍ സ്വന്തം സന്താനങ്ങളെക്കാളും മാതാപിതാക്കളെക്കാളും സമ്പത്തിനെക്കാളുമെല്ലാം കൂടുതലായി പ്രവാചകനെ സ്‌നേഹിക്കണം എന്നു പറയുമ്പോള്‍ എന്തായിരിക്കാം അതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഇവയെക്കാളെല്ലാം പ്രവാചകന്‍ പഠിപ്പിച്ച ആശയങ്ങളെ സ്‌നേഹിക്കുകയെന്നതുതന്നെ. കൂടാതെ, ആ ആദര്‍ശം ജീവിതത്തില്‍ നടപ്പിലാക്കാനും ശ്രദ്ധിക്കണം. അതിനുവേണ്ടി പരിശ്രമിക്കണം. ഇപ്രകാരം റസൂലിനെ സ്‌നേഹിക്കുന്നവര്‍ക്കുമാത്രമേ അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം തിരിച്ചുകിട്ടുകയുള്ളൂ.
മുഹമ്മദ് നബി(സ്വ) ഇഹലോകവാസം വെടിഞ്ഞു. സുന്നത്ത് (പ്രവാചകചര്യ) ആണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. അപ്പോള്‍ പ്രവാചകനെ സ്‌നേഹിക്കുക എന്നതിന്റെ ഉദ്ദേശ്യം തിരുസുന്നത്തിനെ സ്‌നേഹിക്കലാണ്. അഥവാ അത് ജീവിതത്തില്‍ പകര്‍ത്തലാണ്. അങ്ങനെ ചെയ്യുന്നവരാണ് യഥാര്‍ഥ പ്രവാചകസ്‌നേഹികള്‍. അവര്‍ പരലോകത്ത് അനുഗൃഹീത സ്വര്‍ഗത്തില്‍ പ്രവാചകന്റെ കൂടെ വസിക്കും.
പ്രവാചകന്റെ ചരിത്രവും ഗുണഗണങ്ങളും വര്‍ണിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ, ഈ വര്‍ണനകളും സ്മരണകളുമെല്ലാം നമ്മുടെ ജീവിതത്തെ ക്രമീകരിക്കാനും പ്രവാചകചര്യകളോടടുപ്പിക്കാനും സഹായിക്കുന്നവയാവണം. പ്രവാചകന്റെ അധ്യാപനങ്ങളും നമ്മുടെ താല്‍പര്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ പ്രവാചകന് മുന്‍തൂക്കം നല്‍കാന്‍ നാം ബാധ്യസ്ഥരാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. എന്തിനാണ് നാം പ്രവാചകനെ അനുസരിക്കുന്നത്? ഇതര പ്രവാചകന്‍മാരേക്കാള്‍ മുഹമ്മദ് നബിക്കുള്ള സവിശേഷതയെന്താണ്? അതിന്റെ ഉത്തരം ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും കാണാം.
നബി (സ) ഒരിക്കല്‍ അനുയായികള്‍ക്ക് ഒരു കഥ പറഞ്ഞുകൊടുത്തു. ഒരാള്‍ ഒരു വീടുണ്ടാക്കി. അതിനെ അയാള്‍ നന്നാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തു. എങ്കിലും ഒരു കോണില്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിഞ്ഞു കിടന്നിരുന്നു. ആളുകള്‍ ആ വീട് ചുറ്റി നടന്ന് കാണുകയും ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: ഇവിടെ ഒരു ഇഷ്ടിക കൂടി വെച്ചിരുന്നെങ്കില്‍!
ഇസ്‌ലാം എന്ന വീടിന്റെ അവസാനത്തെ ഇഷ്ടികയാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫ(സ). അവസാനത്തെ റസൂലാണെന്നത് മറ്റു പ്രവാചകന്‍മാരില്‍നിന്ന് മുഹമ്മദ് നബിക്കുള്ള ശ്രേഷ്ഠതയാണ്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ أَطَاعَنِي فَقَدْ أَطَاعَ اللهَ، وَمَنْ يَعْصِنِي فَقَدْ عَصَى اللهَ، وَمَنْ يُطِعِ الْأَمِيرَ فَقَدْ أَطَاعَنِي، وَمَنْ يَعْصِ الْأَمِيرَ فَقَدْ عَصَانِي» (مُسْلِم)
നബി(സ)പറഞ്ഞു: ആര്‍ എന്നെ അനുസരിച്ചുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആര്‍ എന്നെ ധിക്കരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ ധിക്കരിച്ചു. (മുസ്‌ലിം).
ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളുടെ അടിത്തറകളില്‍ ഒന്നാണ് രിസാലത്ത്. ദൗത്യം എന്നാണ് ഈ പദത്തിന്റെ അര്‍ഥം. അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക് എത്തിക്കുവാനും ഇഷ്ടമാര്‍ഗം കാണിച്ചുകൊടുക്കാനുമായി നിശ്ചയിച്ച ദൗത്യവ്യവസ്ഥയാണ് സാങ്കേതികഭാഷയില്‍ രിസാലത്ത്. ഇതിന്റെ മറ്റൊരു പേരാണ് നുബുവ്വത്. ഈ ദൗത്യനിര്‍വഹണത്തിനായി അല്ലാഹു തെരഞ്ഞെടുക്കുന്നവരെ റസൂല്‍ (ദൂതന്‍), നബി (പ്രവാചകന്‍) എന്നിങ്ങനെ വിളിക്കുന്നു. പ്രവാചകന്‍മാര്‍ക്ക് ദിവ്യസന്ദേശം ലഭിച്ചിരുന്ന മാര്‍ഗത്തിന് വഹ്‌യ് എന്നാണ് പറയുന്നത്.
ആദ്യത്തെ മനുഷ്യന്‍ ആദം (അ) ഭൂമിയില്‍ കാലുകുത്തിയതുമുതല്‍ ലക്ഷക്കണക്കിന് ദൂതന്‍മാര്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ വന്നിട്ടുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതില്‍ 25 ദൂതന്‍മാരുടെ പേരുകള്‍ മാത്രമേ ഖുര്‍ആനില്‍ പറയുന്നുള്ളൂ. ഈ പ്രവാചകപരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ). ഇനിയൊരു പ്രവാചകന്‍ വരാനില്ല. മുഹമ്മദ് നബി(സ്വ) ഒഴികെയുള്ള നബിമാരെല്ലാം ഏതെങ്കിലും കാലത്തേക്കോ പ്രദേശത്തേക്കോ വംശത്തിലേക്കോ മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ മുഹമ്മദ് നബി(സ്വ) ലോകാവസാനം വരെയുള്ള സകല ജനങ്ങള്‍ക്കുമുള്ള സന്ദേശവാഹകനാണ്. തിരുമേനിയിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ ലോകജനതക്ക് അല്ലാഹു നല്‍കുന്ന നിര്‍ദേശങ്ങളുടെ സമാഹാരമാണ്.
എല്ലാ പ്രവാചകന്‍മാരുടെയും സന്ദേശം ഒന്നുതന്നെയായിരുന്നു. അല്ലാഹു മാത്രമേ ഇലാഹുള്ളൂ, അവന് മാത്രമേ വഴിപ്പെടാവൂ എന്നതാണ് അത്. എല്ലാ പ്രവാചകന്‍മാരും അല്ലാഹുവിന്റെ സന്ദേശമാണ് പ്രചരിപ്പിച്ചത്. അതിനുവേണ്ടി അവര്‍ സ്വീകരിച്ച വഴികളും നേരിട്ട പ്രയാസങ്ങളുമെല്ലാം നാം അറിഞ്ഞിരിക്കണമെന്ന് ഖുര്‍ആനിലെ വിവരണങ്ങളില്‍ നിന്ന് മനസിലാക്കാം. എല്ലാ പ്രവാചകന്‍മാരെയും നാം ഒരുപോലെ കാണണം. അതില്‍ വിവേചനം പാടില്ല. എന്നാല്‍ മുഹമ്മദ് നബിയുടെ ആഗമനത്തോടെ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനമാണ് ഇനിയുള്ള മനുഷ്യര്‍ സ്വീകരിക്കേണ്ടത്. അതൊരിക്കലും മറ്റു പ്രവാചകന്‍മാരോടുള്ള അനാദരവല്ല. അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയുടെ ഭാഗമാണ്.
അപ്പോള്‍, മുഹമ്മദ് നബിയില്‍ വിശ്വസിക്കുക എന്നതിന്റെ ആശയമിതാണ്: മുഹമ്മദ് (സ) അല്ലാഹുവിന്റെ അന്ത്യദൂതനാണ്. അവിടന്ന് നല്‍കിയ ആജ്ഞാനിരോധനങ്ങളും നിര്‍ദേശങ്ങളുമെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അതെല്ലാം തികച്ചും ശരിയാണ്. തിരുമേനി അരുള്‍ ചെയ്തതെല്ലാം അല്ലാഹു നല്‍കിയ അറിവിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ആ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. തിരുമേനിയെ പിന്‍പറ്റല്‍ അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ ഭാഗമാണ്. ഖുര്‍ആന്‍ പറയുന്നു:
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
പ്രവാചകാ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുവിന്‍. എങ്കില്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ് (ആലുഇംറാന്‍ 31).
പ്രവാചകനോട് സ്‌നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചകചര്യ പിന്‍പറ്റിക്കൊണ്ടാണ്. മക്കാമുശ്‌രിക്കുകള്‍ ഇബ്‌റാഹീം നബിയെയും ഇസ്മാഈല്‍ നബിയെയും സ്‌നേഹിച്ചത്, ആ പ്രവാചകന്മാര്‍ മുഴുജീവിതവും ഏതൊരു വിഗ്രഹാരാധനക്കെതിരെ പ്രവര്‍ത്തിച്ചുവോ അതേ വിഗ്രഹങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ്. ഇതേ പ്രവാചകന്മാരുടെ കുടുംബപരമ്പരയില്‍ അന്ത്യപ്രവാചകന്‍ പ്രസ്തുത പ്രതിമകളെ നീക്കം ചെയ്തുകൊണ്ടാണ് അവരോട് സ്‌നേഹം പ്രകടിപ്പിച്ചത്. മക്കാമുശ്‌രിക്കുകള്‍ പ്രവാചകന്‍മാരെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാന്‍ പ്രവാചകന്റെ ആസാര്‍ (آثار) കിട്ടിയാലും മതി. അന്ത്യപ്രവാചകന്റെ പാതപിന്തുടരാന്‍ തിരുചര്യ പഠിക്കുകയും അത് പകര്‍ത്തുകയും വേണം.
ലോകത്തെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കാന്‍ പ്രവാചകന്‍ നിര്‍വഹിച്ച സേവനങ്ങളും അര്‍പ്പിച്ച ത്യാഗങ്ങളും വിവരണാതീതമാണ്. ആ പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക എന്നത് അദ്ദേഹത്തിന് നാം നല്‍കുന്ന അംഗീകാരവും അദ്ദേഹത്തോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗവുമാണ്.
عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا ». (مسلم)
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ആരെങ്കിലും എന്റെ പേരില്‍ ഒരു തവണ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനെ പത്തുതവണ അനുഗ്രഹിക്കുന്നതാണ് (മുസ്‌ലിം).
അനുഗ്രഹം, പ്രശംസ, പ്രാര്‍ഥന, നമസ്‌കാരം എന്നൊക്കെയാണ് സ്വലാത്ത് എന്ന പദത്തിന്റെ ആശയം. നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുക എന്നതിന്റെ അര്‍ഥം നബിക്ക് വേണ്ടി പ്രാര്‍ഥിക്കുക എന്നാണ്. صَلَّى اللهُ عَلَيْهِ وَسَلَّمَ എന്നതാണ് സ്വലാത്തിന്റെ ലഘുവായ രൂപം. പ്രവാചകനോടുള്ള നമ്മുടെ സ്‌നേഹാദരവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു രീതിയാണത്. നബിയുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. ഒരാളുടെ മനസ്സില്‍ ഈമാന്നും ഇസ്‌ലാമിനും എത്രത്തോളം സ്ഥാനമുണ്ടോ അത്രത്തോളം സ്ഥാനം പ്രവാചകന്‍ ചെയ്തു തന്ന നന്‍മകള്‍ക്കും ഉണ്ടായിരിക്കും. ആ നന്‍മകളോട് ഒരാള്‍ എത്രത്തോളം നന്ദിയുള്ളവനാണോ അത്രത്തോളം അയാള്‍ നബിക്ക് വേണ്ടി സ്വലാത്ത് ചൊല്ലുകയും ചെയ്യും.
പ്രവാചകന് നമ്മുടെ സ്വലാത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാല്‍, നാം സ്വലാത്ത് ചൊല്ലുകയാണെങ്കില്‍ അതിന്റെ ഫലം നമുക്കുതന്നെയായിരിക്കും. നബി(സ) പറഞ്ഞു: ഒരാള്‍ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുമ്പോഴെല്ലാം മലക്കുകള്‍ അയാള്‍ക്കു വേണ്ടിയും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും (അഹ്മദ്).
സ്വലാത്തിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ചൊല്ലുന്നു. വിശ്വാസികളായവരേ, നിങ്ങളും അദ്ദേഹത്തിന് വേണ്ടി സ്വലാത്തും സലാമും ചൊല്ലുവിന്‍. (അഹ്‌സാബ്: 56).
അതായത്, അല്ലാഹു പ്രവാചകന്റെമേല്‍ അറ്റമില്ലാത്ത കാരുണ്യവും അനുഗ്രവും വര്‍ഷിക്കുന്നു. മലക്കുകള്‍ പ്രവാചകനെ അങ്ങേയറ്റം സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ ഗുണത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നമ്മളും അപ്രകാരം പ്രവാചകന് വേണ്ടി പ്രാര്‍ഥിക്കണം. അത് അല്ലാഹു നമ്മെ സ്‌നേഹിക്കാന്‍ കാരണമായിത്തീരും.
സ്വലാത്തിന് വേണ്ടി പ്രത്യേക സദസ്സുകളോ സവിശേഷ സമയമോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം നാം പ്രവാചകന്റെ പേരില്‍ സ്വലാത്തും സലാമും ചൊല്ലാറുണ്ടല്ലോ. അത് ബോധപൂര്‍വമാണോ ചെയ്യാറുള്ളത്?
പ്രവാചകനെ അമാനുഷരാക്കി ഉയര്‍ത്താനുള്ള ശ്രമം ഏറെ അപകടകമാണ്. അത് ജനജീവിതത്തില്‍ നിന്ന് അവരെ അടര്‍ത്തിമാറ്റാനേ ഉതകുകയുള്ളൂ. പ്രവാചകന്‍ മനുഷ്യരായിരുന്നുവെന്നത് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയ കാര്യമാണ് (അല്‍ കഹ്ഫ് 110).
ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും പ്രവാചകന്‍ വെളിച്ചം വീശുന്നുവെന്നതും അദ്ദേഹം എല്ലാജനങ്ങള്‍ക്കും എല്ലാ കാലത്തേക്കുമുള്ള പ്രവാചകനാണെന്നതും അദ്ദേഹം അന്ത്യപ്രവാചകനാണെന്നതും നമ്മില്‍ ചില ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഉണ്ടാക്കുന്നുണ്ട്. അവ കൂടി നിര്‍വഹിക്കുമ്പോഴേ നമ്മുടെ പ്രവാചക സ്‌നേഹം യാഥാര്‍ഥ്യമാവൂ.
സലാം പറയലും പ്രചരിപ്പിക്കലും..
🔻🔻🔻🔻🔻🔻🔻
ഒരിക്കല് നബി(സ)യോട് ഒരാള് ചോദിച്ചു : ഇസ്ലാമില്
ഏറ്റവും ഉത്തമ മായത് എന്താണ്? നബി (സ) പറഞ്ഞു : 'നീ ഭക്ഷണം നല്കുക,
അറിയുന്നവര്ക്കും അറിയാത്തവര്ക്കും സലാം പറയുക'
[ബുഖാരി]
🌿മറ്റോരിക്കല് നബി (സ) പറഞ്ഞു : 'നിങ്ങള് വിശ്വാസികളാകുന്നത്
വരെ സ്വര്ഗത്തില് പ്രവേശിക്കുകയില്ല.
നിങ്ങള്
പരസ്പരം സ്നേഹിക്കുന്നത് വരെ വിശ്വാസികളാവുകയുമില്ല .
നിങ്ങള്ക്ക് ഞാനൊരു കാര്യം അറിയിച്ചു തരട്ടെയോ?
അത് നിങ്ങള്
ചെയ്താല് നിങ്ങള് പരസ്പരം സ്നേഹിക്കുന്നതാണ്.
നിങ്ങള്ക്കിടയില്
നിങ്ങള് സലാം പ്രചരിപ്പിക്കുക"
[മുസ്ലിം]
ഒരിക്കല് ഒരാള് വന്നു നബി (സ)യോട് 'അസ്സലാമു അലൈക്കും' എന്ന്
പറഞ്ഞു. നബി(സ) സലാം മടക്കി 'പത്ത്' എന്ന് പറഞ്ഞു.
പിന്നെ വേറൊരാള് വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹ്' എന്ന്
പറഞ്ഞു. നബി(സ) അത് മടക്കി 'ഇരുപത്' എന്ന് പറഞ്ഞു.
പിന്നെ വേറൊരാള് വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹി വ
ബറകാതുഹു' എന്ന് പറഞ്ഞു. അപ്പോള് റസൂല് (സ) അത് മടക്കി 'മുപ്പത്' എന്ന് പറഞ്ഞു.
[അബൂദാവൂദ്, തുര്മുദി, ദാരിമി]
നബി (സ) പറഞ്ഞു : ജനങ്ങളില് വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവന്
ആദ്യമായി സലാം പറയുന്നവനാണ്.
[അബൂദാവൂദ്].
👥ഒരു സംഘം ഒന്നിച്ചു
വരുമ്പോള് കൂട്ടത്തില് ഒരാള് സലാം പറഞ്ഞാല് മതി എന്ന് നബി (സ)
പറഞ്ഞിരിക്കുന്നു.
[അബൂദാവൂദ്].
 കളിച്ചു കൊണ്ടിരിക്കുന്ന
കുട്ടികളോടും സ്ത്രീകളോടും നബി (സ)
സലാം പറഞ്ഞിരിക്കുന്നു എന്ന് ഹദീസില് വന്നിട്ടുണ്ട്.
നബി(സ)
പറഞ്ഞു : നിങ്ങള് ആരെങ്കിലും തന്റെ സഹോദരനെ കണ്ടാല്
സലാം പറയണം. ഇനി, വല്ല
മരമോ മതിലോ കല്ലോ അവര്ക്കിടയില് മറയായി വന്നതിനു
ശേഷം കണ്ടുമുട്ടുകയാണെങ്കില് അവന് വീണ്ടും സലാം പറയണം,
[അബൂദാവൂദ്]
ഒരു സദസ്സിലേക്ക് വരുമ്പോഴും അവിടെ നിന്ന് പിരിഞ്ഞു
പോവുമ്പോഴും സലാം പറയണം.
 വാഹനത്തില് പോകുന്നവന്
നടക്കുന്നവനും, നടക്കുന്നവന് ഇരിക്കുന്നവനും, ചെറിയവന് വലിയവനും,
ചെറുസംഘം വലിയ സംഘത്തിനുമാണ് സലാം പറയേണ്ടത് എന്ന്
ഹദീസില് വന്നിട്ടുണ്ട്.
🔊സലാം പറയുമ്പോള് കേള്ക്കത്തക്ക
വിധം പറയേണ്ടതാണ്.
അഥവാ കേട്ടില്ലെങ്കില്
വീണ്ടും സലാം ആവര്ത്തിച്ചു പറയണം.
🚫അല്ലാതെ 'ഞാന്
സലാം പറഞ്ഞിട്ടുണ്ട്' എന്ന് പറയുകയല്ല വേണ്ടത്.
================
സലാം മടക്കല്
➖➖➖➖➖➖➖
🔻🔻🔻🔻🔻🔻🔻
സലാം പറയുന്നത് കേട്ടാല് അത് മടക്കേണ്ടത്
ശ്രോതാവിന്റെ കടമയാണ്.
"നിങ്ങള്ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനേക്കാള്
മെച്ചമായി (അങ്ങോട്ടും) അഭിവാദ്യമര്പ്പിക്കുക. അല്ലെങ്കില്
അത് തന്നെ തിരിച്ചു നല്കുക.
[ഖുര് ആന് 4 :86]
ഈ ആയത്തിന്റെ വിവരണ ത്തില് ഇബ്നു ജരീര് (റ) റിപ്പോര്ട്ട്
ചെയ്തിരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം :
ഒരിക്കല് നബി (സ) യുടെ അടുക്കല് ഒരാള് വന്നു 'അസ്സലാമു അലൈക്കും'
എന്ന് പറഞ്ഞു. നബി (സ) 'വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹ്' എന്ന് മടക്കി.
മറ്റൊരാള് വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹ്' എന്ന് പറഞ്ഞു.
അപ്പോള് നബി(സ) 'വ അലൈകുമു സ്സലാം വ റഹ്മതുള്ളാഹി വ ബറകാത്തുഹു'
എന്ന് മടക്കി.
പിന്നെ ഒരാള് വന്നു 'അസ്സലാമു അലൈക്കും വ
റഹ്മതുള്ളാഹി വ ബറകാത്തുഹു' എന്ന് പറഞ്ഞു.
അപ്പോള് നബി (സ) 'വ
അലൈകും' എന്ന് മടക്കി. അപ്പോള് അയാള് ചോദിച്ചു :
അല്ലാഹുവിന്റെ ദൂതരെ, എന്റെ മുമ്പ് വന്ന രണ്ടുപേര്ക്കും താങ്കള് കൂടുതല്
മടക്കിക്കൊടുത്തു. എനിക്കതുണ്ടായില്ല.
അപ്പോള് റസൂല് (സ) പറഞ്ഞു :
നിങ്ങള് യാതൊന്നും ഒഴിവാക്കിയിട്ടില്ല. അപ്പോള് ഞാന് അത്
അങ്ങോട്ട് മടക്കി തന്നു.
ശേഷം റസൂല് (സ) ഈ ആയത്ത് ഓതി.
ഇതിന്റെ അടിസ്ഥാനത്തില്
സലാം പറയുമ്പോഴും മടക്കുമ്പോഴും ഇതിനേക്കാള് കൂടുതല് പദങ്ങള്
പറയേണ്ടതില്ല എന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്.
✅സലാം ആര് തന്നെ പറഞ്ഞാലും അത് മടക്കേണ്ടതാണ്.
ഒരു മജൂസിയാണ്
സലാം പറയുന്നതെങ്കിലും അത് മടക്കണമെന്നു ഇബ്നു അബ്ബാസ് (റ)
പറഞ്ഞതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
👥ഒരു സംഘത്തിനു
സലാം പറഞ്ഞാല് അതിലൊരാള്
മടക്കിയാലും മതിയാവുന്നതാണ്.
🏡വീട്ടിലേക്കു പ്രവേശിക്കുമ്പോള് വീട്ടുകാരന്
തന്നെയായാലും സലാം പറയേണ്ടതാണ്.
🏠അന്യവീടുകളില്
പ്രവേശിക്കുമ്പോള്
സലാം പറയുകയും അനുവാദം ചോദിക്കുകയും വേണം.
അനുവാദം കിട്ടിയാല് മാത്രമേ അകത്തേക്ക് പ്രവേശിക്കാവൂ.
⚠മറുപടി ലഭിച്ചില്ലെങ്കില് തിരിച്ചു മടങ്ങണമെന്ന്
ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില് വന്നിട്ടുണ്ട്.
〰〰〰〰〰〰〰