2010, ഡിസംബർ 20, തിങ്കളാഴ്‌ച

എന്‍റോസള്‍ഫാന്‍ – ചില സത്യങ്ങള്‍

പൂക്കള്‍ തോറും പാറി നടക്കുന്ന ബഹുവര്‍ണ്ണ ചിത്ര ശലഭങ്ങള്‍ക്ക് സമാനമാണ്
നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളും,അവരുടെ കൊഞ്ചലുകളും കളിയും ചിരിയും നമ്മൂടെ
മനസ്സിലെ ഏത് വിഷമത്തെയും അകറ്റാന്‍ നമ്മെ സഹായിക്കുന്നതാണ്‍ …
എങ്കില്‍ ഒരു നാടുമുഴുവന്‍ ആ കിളികൊഞ്ചലുകളോ ചിരിയോ ഒന്നുമില്ല
എന്നോരാവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പറ്റുമോ?
എത്രയോ ഭയാനകമാണ് ഈ അവസ്ഥ അല്ലേ ?നമ്മുടെ കൊച്ചു കേരളത്തിലെ കാസര്‍ഗോഡ്
ജീല്ലയിലെ പതിനൊന്നോളം പഞ്ചായത്തിലെ ജനങ്ങളുടെ അവസ്ഥ ഇതാണ് . കളിയും
ചിരിയും നിന്നുപോയ ബാല്യങ്ങള്‍ ,അവര്‍ക്കുമുന്നില്‍ നിസ്സഹായരായി
നില്‍ക്കുന്ന മാതാ പിതാക്കള്‍ ..ജനിക്കുന്ന കുട്ടികള്‍ക്ക്  ബുദ്ധിപരവും
ശാരീരികവുമായ വൈകല്യങ്ങള്‍,മാരകമായ ക്യാന്‍സര്‍ ബാധകള്‍ ഒരു നാടിനെ
മുഴുവന്‍ ദുരിതത്തിലാഴ്ത്തി  പത്ര ദൃശ്യമാധ്യമങ്ങള്‍ വഴി നിറഞ്ഞുനിന്ന
നമ്മുടെ സഹോദരങ്ങളൂടെ ആ മുഖങ്ങള്‍ ഏതൊരു മനുഷ്യന്റെയും
കരളലിയിപ്പിക്കുന്നതാണ്‍.
കാസര്‍ഗോഡ്  ജില്ലയില്‍  ചില ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ എണ്‍പതുകളുടെ
തുടക്കത്തിലാണ് എണ്‍ഡോസള്‍ഫാന്റെ  ഭവിഷ്യത്തിലേക്ക്  പത്രമാധ്യമങ്ങള്‍ ഈ
നാട്ടിലെ ജനതയുടെ ശ്രദ്ധക്ഷണിച്ചത്.  എന്നിട്ടും   ഇരുപത്തി മൂന്ന്
വര്‍ഷക്കാലം കേരളസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്ളാന്‍റേഷന്‍
കോര്‍പ്പറേഷന്‍ ഓഫ് കേരള  ഒരു ജില്ലയിലെ മുഴുവന്‍ ജനതയെയും
മാറാരോഗങ്ങളീലേക്ക് തള്ളിവിടാന്‍ കെല്‍പ്പുള്ള ആ വിഷം പച്ചപട്ട്
വിരിച്ചിരിക്കുന്ന കാസര്‍ഗോഡ് ജില്ലയുടെ ആകാശത്തു നിന്നും മഴകണക്കെ
സ്പ്രേ  ചെയ്തു..5 മില്ലീലിറ്റര്‍ നമ്മുടെ ശരീരത്തിന്റെ  ഉള്ളില്‍
ചെന്നാല്‍ ഒരുമനുഷ്യ ജീവെനെടുക്കാന്‍ കെല്‍പ്പുള്ള ആ കൊടും വിഷം
കാസര്‍ഗോട്ടെ ജലാശയങ്ങള്‍ മുഖേനയും അന്തരീക്ഷം വഴിയും ജനങ്ങളുടെ
ശരീരത്തില്‍ എത്തുകയും മാരകമായ പലരോഗങ്ങള്‍ക്കും ഈ നാട്ടിലെ പാവം ജനത
അടിമ പ്പെടുകയും ചെയ്തു തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ജനിതക
വൈകല്യങ്ങള്‍ പടരുക വഴി ഒരു സമൂഹത്തിനെ,വീടിന്റെ ഭാവിയെ
തല്ലികെടുത്തുകയാണ്  ചെയ്യുന്നത്.ഇത് വരെ കാസര്‍ഗോട്ടിലെ
കൃഷിക്കാരോ,ജനങ്ങളോ ആരും കാണാത്ത തേയില കൊതുകിനെ നിവാരണം ചെയ്യാന്‍ ആണീ
ചെയ്ത്ത് എന്നാണ് സംസ്ഥാന പ്ളാന്‍റേഷന്‍ കോര്‍പ്പറേഷനിലെ മനുഷ്യതീനികളൂടേ
ഭാഷ്യം.ജില്ലയില്‍ എണ്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് തുടങ്ങിയ ആദ്യകാലങ്ങളില്‍
തന്നെ ആ പ്രദേശങ്ങളിലെ സസ്യ പക്ഷി മൃഗാതികളൂടെ  നാശം തുടങ്ങിയതായി  ഈ
നാട്ടിലെ കര്‍ഷകര്‍  ബന്ധപ്പെട്ട അധികാരികളൂടെ ശ്രദ്ധയില്‍
പ്പെടുത്തിയെങ്കിലും ആ പാവങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു.
1997ഇല്‍
ഡോക്ടര്‍ മോഹന്‍ കുമാര്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശ്രദ്ധയില്‍ പ്പെടുത്തി  എങ്കിലും ഫലം
മുന്നത്തേത് തന്നെയായിരുന്നു .2001ഇല്‍ സി.എസ്.ഇ  നടത്തിയ പഠനത്തില്‍
കാസര്‍ഗോട്ടെ മണ്ണിലും ജലത്തിലും അളവില്‍ കൂടുതല്‍ ജലാംശം ഉണ്ടെന്ന്‍
തെളിയുകയും ഇത് ഒരു വിവാദത്തിന്‍ തിരികൊളുത്തുകയും  അത് കൂടുതല്‍
പഠനങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.ദരിദ്രരും സമൂഹത്തില്‍ പിന്നോക്കം
നീക്കുന്നവരുമായ പാവപ്പെട്ട കര്‍ഷകരെയും നാട്ടുകാരെയും പി.സി.കെ
ഉദ്യോഗസ്ഥര്‍ ഭീഷണി പ്പെടുത്തിയ മൂലം ജനങ്ങള്‍ തങ്ങളൂടെ ദുരിതങ്ങള്‍
പുറത്ത് പറയാന്‍ മടിച്ചിരുന്നു.ദൈവത്തിന്റെ സ്വന്തം നാടായ കേരളം
അക്ഷരാര്‍ത്ഥത്തില്‍  തരിച്ചു പോയ വാര്‍ത്തകളാണ് പിന്നീട്
മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞത് .ഖദരിട്ട രാഷ്ട്രീയ നഭുംസകങ്ങളൂടേ
പിന്തുണയുള്ള പി.സി.കെയിലെ ഉദ്യോഗസ്ഥരുടെ ഭീഷണിയിലും
പ്രലോഭനങ്ങളിലും തളരാതെ മുന്നോട്ട് പോയ ലീലാകുമാരിയമ്മയെപോലുള്ള  മനുഷ്യ
സ്നേഹികള്‍ കേരളത്തെ മുഴുവന്‍ എണ്‍ഡോസള്‍ഫാന്‍ വിഷയത്തിലേക്ക്
ശ്രദ്ധതിരിപ്പിച്ചു.പക്ഷേ അധികാര വര്‍ഗ്ഗം എന്നും എണ്‍ഡോസള്‍ഫാന്‍
ലോബിക്കൊപ്പമായിരുന്നു.മരിച്ചുവീഴുന്ന അല്ലെങ്കില്‍ മരിച്ചു കൊണ്ട്
ജീവിക്കുന്ന ആ പാവങ്ങളൂടെ ജീവനു അവര്‍ വിലകല്‍പ്പിച്ചതേയില്ല. യൂറോപ്യന്‍ യൂണിയന്‍ , നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ , പടിഞ്ഞാറന്‍
ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ  എഴുപത്തിമൂന്നിലധികം
രാജ്യങ്ങളില്‍ എണ്‍ഡോസള്‍ഫാന്‍ ഇതിനകം നിരോധിച്ചു
കഴിഞ്ഞു.എന്‍റോസള്‍ഫാന്‍റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്താവ്
ഇന്ത്യയാണ്.2010 ഇല്‍  ജനീവയില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യയും
എണ്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളും ഈ വിഷം നിരോധിക്കേണ്ടത്തില്ല
എന്നനിലപാടാണ് സ്വീകരിച്ചത് .ബ്രസീല്‍ ,ജപ്പാന്‍ , അമേരിക്ക തുടങ്ങിയ
രാജ്യങ്ങള്‍ എന്‍റോസള്‍ഫാന്‍ നിരോധനവും അത് പ്രായോഗികമാക്കിയ രീതിയും
വളരെ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു .ഇതിനിടയില്‍ ആസ്ട്രേലിയയും ഈ
മാരക വിഷത്തെ നിരോധിച്ചു.അവര്‍ ആസ്ട്രേലിയയില്‍  എണ്‍ഡോസള്‍ഫാന്‍റെ
നിരോധനത്തിനായി നടന്ന സമരങ്ങളും ജനങ്ങളെ അതിന്റെ ഭവിഷത്തുകള്‍
മനസ്സിലാക്കി കൊടുക്കുന്നതിനായി കാസര്‍ഗോട്ടെ മൂളിയാറിലും,എന്‍ മകജെയിലും
എത്തി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളെ പറ്റിയും വിശദമായി
അവതരിപ്പിച്ചിട്ടും , എന്‍റോസള്‍ഫാന്‍ കീടനാശിനി നിരോധിക്കുന്ന
കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവിശ്യമാണെന്നും ,മനുഷ്യനില്‍
എണ്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇത് വരെ
കണ്ടെത്താനായിട്ടില്ല,എന്നുമായിരുന്നു ഇന്ത്യാ ഗവണ്‍മെന്‍റിന്റെ
നിലപാട് .ജനീവയില്‍ നടന്ന ചര്‍ച്ചകളില്‍ എല്ലാം തന്നെ എണ്‍ഡോസള്‍ഫാന്‍
വിഷമല്ലെന്നും ഒരു ഗ്ളാസ് പാലുകഴിച്ചാല്‍ ആളുകള്‍ മരിക്കാന്‍
സാധ്യതയുള്ളത് പോലെ മാത്രമുള്ള സാധ്യതയേ എണ്‍ഡോസള്‍ഫാന്‍ കൊണ്ടുള്ളൂ
എന്നുള്ള എന്‍റോസള്‍ഫാന്‍ പ്രതിനിധിയുടെ ജല്‍പനങ്ങള്‍ക്ക് ഇന്ത്യന്‍
പ്രതിനിധികള്‍ പിന്തുണച്ചു വെന്നും ഇന്ത്യയിലെ കൃഷിക്കാര്‍
വിദ്യാഭ്യാസമില്ലാത്തവരാണെന്നും അത് കോണ്ട് തന്നെ കൃഷി മുന്നോട്ട്
പോകണമെങ്കില്‍ എന്‍റോസള്‍ഫാന്‍ കൂടിയേ തീരൂ എന്നും ഇന്ത്യയുടേ കാര്‍ഷിക
വകുപ്പിലെ പ്രതിനിധി വന്ദനാജെയ്നിന്‍റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ആ
സഭയയില്‍ ഞെട്ടല്‍ ഉളവാക്കീ എന്നും മാതൃ ഭൂമി ആഴ്ചപതിപ്പിലെ ഒരു
ലേഖനത്തില്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സി .ജയകുമാര്‍
സാക്ഷ്യപ്പെടുത്തുന്നു.നിക്ഷ്പക്ഷമായി നടത്തിയ ഒട്ടനവധി പഠനങ്ങളില്‍
എന്‍ടോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ ദൂഷ്യങ്ങള്‍ ലോകത്തിന് മുഴുവന്‍
മനസ്സിലായിട്ടും,കീടനാശിനി ലോബിയുടെ ദല്ലാളായി വന്ന്‍ ഒരിക്കല്‍
എന്‍റോസള്‍ഫാണ് അനുകൂലമായ വിധി എഴുതിയ അതേ മഹാനേ ചെയര്‍മാനാക്കി കൊണ്ട്
പുതിയ ഒരു സംഘം കൂടി പഠനം നടത്താന്‍ വരുന്നു അത്രേ.ഒരു പാടുതവണ
മാധ്യമങ്ങളൂടേയും,പഠന സംഘങ്ങളൂടേയും മുന്നില്‍ പ്രദര്‍ശന വസ്തു കണക്കെ
നില്‍ക്കേണ്ടി വന്ന ആ പാവം ജനങ്ങളെ ഇനീയും പരിഹസിക്കാനാണോ ഒരു പഠനം
കൂടി.അതോ നക്ഷത്ര ഹോട്ടലുകളീല്‍ താമസിച്ച് ദൈവത്തിന്റെ സ്വന്തം
നാട്ടിലേക്ക് ഒരു ഉല്ലാസയാത്ര നടത്താനോ.ഒടുവില്‍ ഖദറിന്റെ മറവിലെ ഒരു
എന്‍റോസള്‍ഫാന്‍  ദല്ലാളെ കൂടി നമ്മള്‍ കണ്ടു.ജനങ്ങള്‍ക്ക് വേണ്ടി
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട  മഹാനായ കേന്ദ്രമന്ത്രി കെ.വി തോമസ്..
ബഹുമാന പ്പെട്ട മന്ത്രി ഒരു പക്ഷേ മന്ത്രിമാളികകളില്‍ ഇരിക്കുമ്പോള്‍ ഈ
പാവങ്ങളെ മനസ്സിലാക്കാന്‍ സമയമില്ലായിരിക്കാം അങ്ങേക്ക്..പക്ഷേ
മനുഷ്യനില്‍ ഇത് മാരക രോഗങ്ങള്‍ വരുത്തുന്നതിന് തെളിവില്ല എന്ന
പ്രസ്താവനകൊണ്ട് അങ്ങ് എന്താണ്‍ ഉദ്ദേശിച്ചത്.താങ്കളൂടെ  സംശയം
ദൂരീകരിക്കാന്‍   അങ്ങയെ നിയന്ത്രിക്കുന്ന എന്‍റോസള്‍ഫാന്‍ കമ്പനിക്കാര്‍
പറയുന്ന പോലെ പാലിന്റെ അത്ര മാത്രം വിഷാംശമുള്ള ഈ കീടനാശിനി നമുക്ക്
ജനസേവകനായ അങ്ങില്‍ തന്നെ പ്രയോഗിച്ച് നോക്കിയാലോ.
ഇന്ന്‍ കാസര്‍ഗോട്ടെ പച്ചവിരിച്ച് നില്‍ക്കുന്ന കൃഷിയിടങ്ങള്‍ക്ക്
മുകളില്‍ കിളികളും ചിത്ര ശലഭങ്ങളും എത്തി തുടങ്ങി.. ഈ മാരക രോഗങ്ങളില്‍
നിന്ന്‍ മുക്തി നേടിയ ഒരു പുതിയ തലമുറക്കായ്  നമുക്ക് പ്രാര്‍ത്ഥിക്കാം
സ്വപ്നം കാണാം
കടപ്പാട് 
http://paadheyam.com/masika/article/endosulfan
BY : HARI MATHILAKAM