2011, ജനുവരി 1, ശനിയാഴ്‌ച

മലയാളം ഹദീസ് പഠനം

സഹല്‍ ബിന്‍ ഹുനൈഫി(റ)ല്‍ നിന്ന്: (ബദറില്‍ പങ്കെടുത്തവ്യക്തിയാണദ്ദേഹം) നബി(സ) പറഞ്ഞു. രക്തസാക്ഷിയാകാന്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നവന്‍ തന്റെ വിരിപ്പില്‍ കിടന്നു മരണപ്പെട്ടാലും രക്തസാക്ഷിയുടെ പദവി അല്ലാഹു അവന് പ്രദാനം ചെയ്യുന്നതാണ്. (മുസ്ലിം)

അബൂഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ത്രാണിയുണ്ടായിരിക്കെ, ആരൊരുവന്‍ ഒരു മൃഗത്തെ ബലികഴിക്കുന്നില്ലയോ (ബലി പെരുന്നാളിന് ), അവന്‍ നമ്മുടെ പ്രാര്‍ത്ഥന സ്ഥലത്ത് വരാതിരിക്കട്ടെ. (അഹ്മദ്)

ബറാഅ്(റ) നിവേദനം: നബി(സ) പ്രസംഗിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ അവിടുന്ന് അരുളി: നിശ്ചയം നമ്മുടെ ഈ ദിവസം നാം ആദ്യമായി ആരംഭിക്കുക നമസ്കാരമാണ്. ശേഷം നാം പുറപ്പെട്ട് ബലിയറുക്കും. അങ്ങനെ വല്ലവനും ചെയ്താല്‍ അവന്‍ നമ്മുടെ നടപടി സമ്പ്രദായങ്ങളില്‍ എത്തിച്ചേര്‍ന്നു. (ബുഖാരി : 2-15-71)


ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ബലി പെരുന്നാള്‍ ദിവസവും ചെറിയ പെരുന്നാള്‍ ദിവസവും നമസ്കരിക്കും. ശേഷം പ്രസംഗിക്കും. (ബുഖാരി : 2-15-77)

ജുന്‍ദുബ്(റ) നിവേദനം: നബി(സ) ബലിപെരുന്നാള്‍ നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പിന്നീട് അറവ് നിര്‍വ്വഹിച്ചു. അവിടുന്നു പറഞ്ഞു: വല്ലവനും നമസ്കാരത്തിന്റെ മുമ്പ് ബലിമൃഗത്തെ അറുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സ്ഥാനത്ത് മറ്റൊന്നു അറുക്കട്ടെ. അറുക്കാത്തവന്‍ അല്ലാഹുവിന്റെ നാമത്തില്‍ അറുക്കട്ടെ. (ബുഖാരി : 2-15-101)

ബറാഇബ്നു ആസിബ്(റ) നിവേദനം ചെയ്തു: ഏതു ബലികളാണ് ഉപേക്ഷിക്കേണ്ടതെന്ന് പ്രവാചക(സ) നോടു ചോദിച്ചു. അവിടന്നു തന്റെ കൈ കൊണ്ടു കാണിച്ചു പറഞ്ഞു: നാല് ; പ്രത്യക്ഷമായിക്കാണുന്ന മുടന്തുള്ളത്, ഒരു കണ്ണ് കുരുടാകയാല്‍ പ്രത്യക്ഷമായി വൈരൂപ്യമുള്ളത്, പ്രത്യക്ഷമായി രോഗം ബാധിച്ച രോഗമുള്ളത്, എല്ലുകളില്‍ മജ്ജ നശിച്ചു ശോഷിച്ചത്. (അബൂദാവൂദ്)

മൈമൂന(റ) നിവേദനം: മനുഷ്യര്‍ നബി(സ) അറഫാ ദിവസം നോമ്പനുഷ്ഠിച്ചിട്ടുണ്ടോ എന്ന സംഗതിയില്‍ ഭിന്നിച്ചു. അപ്പോള്‍ ഞാന്‍ ഒരു പാല്‍ പാത്രം നബി(സ)ക്ക് അയച്ചു കൊടുത്തു. നബി(സ) അറഫായില്‍ നില്‍ക്കുകയായിരുന്നു. അവിടുന്ന് ജനങ്ങള്‍ കാണുന്നവിധം അതു കുടിച്ചു. (ബുഖാരി. 3. 31. 210) - ഹജ്ജ് ചെയ്യുന്ന ആള്‍ക്ക് അറഫ ദിവസം നോമ്പ് നോല്‍ക്കല്‍ സുന്നത്തില്ല എന്ന് സാരം.

ജാബിര്‍(റ) നിവേദനം: നബി(സ) പെരുന്നാള്‍ ദിവസം പോയ വഴിക്കല്ല തിരിച്ചു വരാറുണ്ടായിരുന്നത്. (ബുഖാരി : 2-15-102)

അബൂഹുറൈറ(റ) നിവേദനം: വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരും എന്ന് നബി(സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി : 2-26-596)

ആയിശ(റ) നിവേദനം: പ്രവാചകരേ! ജിഹാദ് സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ യുദ്ധം ചെയ്യേണ്ടയോ? നബി(സ) അരുളി: ആവശ്യമില്ല. എന്നാല്‍ ഏറ്റവും മഹത്തായ യുദ്ധം പരിശുദ്ധമായ ഹജ്ജാണ്. (ബുഖാരി : 2-26-595)

അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: അറഫാ നോമ്പിനെക്കുറിച്ച് റസൂല്‍(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു. കഴിഞ്ഞതും വരുന്നതുമായ ഓരോ കൊല്ലങ്ങളിലെ ചെറിയ പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)

ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: അറഫാ ദിവസത്തേക്കാള്‍ കൂടുതലായി നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഒറ്റ ദിവസവുമില്ല. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: അല്ലാഹു വല്ലവനേയും തന്റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും കാലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും രക്ഷിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)

സുഫ്യാനി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ അവലംബിക്കേണ്ട ഒരുകാര്യം എനിക്ക് പറഞ്ഞുതരിക. എന്റെ നാഥന്‍ അല്ലാഹുവാണെന്ന് നീ പറയുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യൂ. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടതെന്താണ്? സ്വന്തം നാവ് കാണിച്ചിട്ട് നബി(സ) പറഞ്ഞു: ഇതിനെയാണ്. (തിര്‍മിദി)

ഉഖ്ബത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാര്‍ഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിര്‍മിദി)

ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ദിക്റ് ചൊല്ലാതെ നിങ്ങള്‍ അധികം സംസാരിക്കരുത്. ദിക്റ് ചൊല്ലാതെയുള്ള അധിക സംസാരം ഹൃദയത്തെ കഠിനമാക്കും. കഠിനഹൃദയനാണ് ജനങ്ങളില്‍വെച്ച് അല്ലാഹുവിനോട് ഏറ്റവും അകന്നവന്‍. (തിര്‍മിദി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ