2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ഹനാന്റെ വിസ്‌മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ

http://www.mathrubhumi.com/2009_customimages/news/12_43_218_705252E-02.jpgകോഴിക്കോട്‌: കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.
യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌. യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .
ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'
നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.
ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌.
ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.
ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്‌തു.
തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌.
ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെ ചിന്ത.
പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി.
അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.

കലാമിനെയും കുഴക്കിയ പ്രതിഭ

കോഴിക്കോട്‌: പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌ അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി. ശിവറാം, ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.
ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌.
കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌.
പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സകലപിന്തുണയുമായി നി'ുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.
ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു.
മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു.
നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍ വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.
ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാന്‍ നി'ുന്നത്‌. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ