ലോക അല്‍ഷൈമേഴ്‌സ് ദിനം്. ആത്മാവിന്റെ ഭാഗമായിക്കഴിഞ്ഞ ബന്ധങ്ങളും, ദൈനംദിന ചര്യങ്ങളും, മറന്ന് ശൈശവത്തിലേക്ക് തിരിച്ചു നടക്കുന്ന ഹതഭാഗ്യരെ ഓര്‍ക്കാനുള്ള ദിവസം. പരിചരണവും,സ്‌നേഹപൂര്‍വ്വമായ ഇടപെടലുകളും കൊണ്ട് അവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തണമെന്ന് ഓര്‍മപ്പെടുത്തുന്ന ദിനം. മനുഷ്യനെ ഏറ്റവും ഇഷ്ടമുള്ള അവസ്ഥ 'നൊസ്റ്റാള്‍ജിക്' ആയി സ്വന്തം ലോകത്ത് വിഹരിക്കുന്നതാണെന്ന് ചിലരൊക്കെ പറയാറുണ്ട്. ഓര്‍മിക്കാന്‍ ഓര്‍മകള്‍ പോലും ഇല്ലാതാകുന്ന അല്ലെങ്കില്‍, തന്‍േറതെന്ന് പറയാന്‍ ഒന്നുമില്ലാതാകുന്ന ശൂന്യതാബോധമാണോ അല്‍ഷൈമേഴ്‌സ് എന്ന അവസ്ഥ? എന്തായാലും, മനുഷ്യന് ഓര്‍മകള്‍ നഷ്ടപ്പെടുന്നത് താങ്ങാവുന്നതിലും അപ്പുറത്താണ്. അതുകൊണ്ടാണ് തങ്ങളുടെ പ്രിയസിനിമാ താരം സ്മൃതിനാശരോഗിയായി അഭിനയിക്കുമ്പോള്‍ തീയേറ്ററുകളില്‍ ആളുകള്‍ കണ്ണീര്‍ വാര്‍ത്തത്. ഇന്നും ആ കഥാപാത്രം മലയാളികളുടെ മനസ്സില്‍ ഒരു വിങ്ങലാണ്.
അല്‍ഷൈമേഴ്‌സ് മേധാക്ഷയരോഗങ്ങളുടെ രാജാവാണ്. 2010 ലെ ലോക അള്‍ഷൈമേഴ്‌സ് ദിനാചരണത്തിന്റെ വിഷയം 'ഡിമന്‍ഷ്യ-ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി' എന്നതാണ്. അല്‍ഷെമേഴ്‌സ് രോഗികള്‍ പെരുകി വന്ന സാഹചര്യത്തില്‍ അല്‍ഷൈമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ എഡിന്‍ബര്‍ഗില്‍ 1994 ല്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ന് അള്‍ഷൈമേഴ്‌സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന അസുഖമായതു കൊണ്ടുതന്നെ രോഗം വന്നു കഴിഞ്ഞാല്‍ ശിശുക്കളെ പരിചരിക്കുന്നതു പോലെ, സ്‌നേഹപൂര്‍വ്വം രോഗികളെ പരിചരിക്കാനും, ഓര്‍മകളിലേക്ക് മടക്കി കൊണ്ടു വരുന്ന കളികള്‍, വ്യായാമങ്ങള്‍ ഇവ ശീലിപ്പിക്കാനും ശ്രദ്ധിക്കണം.
സ്വയം നവീകരിക്കാന്‍ ശ്രദ്ധിക്കുക, ഓര്‍മശക്തിയും, ബുദ്ധിയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ബൗദ്ധിക വ്യായാമങ്ങള്‍ (ഉദാഹരണത്തിന് പദപ്രശ്‌നം പൂരിപ്പിക്കുക, ഒരു ദിവസം നടന്ന കാര്യങ്ങളെല്ലാം അതിന്റെ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക) ചെയ്യുക എന്നത് മാത്രമാണ് സ്മൃതിനാശത്തെ ചെറുക്കാനുള്ള വഴികള്‍.
സുഖകരവും, ദു:ഖകരവുമായ ഓര്‍മകള്‍ എന്നും നമുക്ക് സ്വന്തമായിരിക്കട്ടെ. ഓര്‍മക്കും, മറവിക്കും ഇടയിലെ നേര്‍ത്ത ചരടുകള്‍ നമ്മുടെ കൈകളില്‍ സുരക്ഷിതമായിരിക്കട്ടെ.
http://www.madhyamam.com/news/1982/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ