2011 ഏപ്രിൽ 23, ശനിയാഴ്‌ച

ഇണ; ഇഷ്ടമുള്ള തുണ

ഇങ്ങനെയൊരു സംഭവമുണ്ട്‌: ഓഫീസിലേക്ക്‌ പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്‌. അല്‍പസമയം പോലും അയാള്‍ക്ക്‌ പാഴാക്കാനില്ല. അപ്പോഴാണ്‌ തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്‌. അതിന്റെ അടപ്പ്‌ അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ്‌ അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച്‌ ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന്‍ അതെടുക്കും'' എന്ന്‌ പറഞ്ഞ്‌, മോനെപ്പിടിച്ച്‌ ചുംബനം നല്‍കി ഓഫീസിലേക്കോടി.
ജോലിത്തിരക്കില്‍ കുപ്പിയുടെ കാര്യം അവള്‍ മറന്നു. കുറച്ചുനേരം കഴിഞ്ഞ്‌ ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ മരുന്നു മുഴുവന്‍ കഴിച്ച്‌ അവരുടെ പിഞ്ചോമന ബോധരഹിതനായി കിടക്കുന്നു! പരിഭ്രാന്തയായ അവള്‍ അയല്‍ക്കാരെ വിളിച്ച്‌ ആശുപത്രിയിലേക്കോടി. വിദഗ്‌ധ ചികിത്സ തന്നെ ഡോക്‌ടര്‍മാര്‍ നല്‍കിയെങ്കിലും ആ ഓമനപ്പൈതലിനെ രക്ഷിക്കാനായില്ല. പേടിയും ആധിയും നിറഞ്ഞ മനസ്സോടെ ഭര്‍ത്താവ്‌ ആശുപത്രിയിലെത്തിയപ്പോഴേക്ക്‌ ഓമനപ്പൈതല്‍ മരണപ്പെട്ടു. ആരെയും കാത്തുനില്‍ക്കാതെ ജീവിതത്തില്‍ നിന്നു മടങ്ങിയ ആ ഓമനപ്പൈതലിന്റെ കുഞ്ഞുശരീരവുമായി ഐസിയുവില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്ന ഭര്‍ത്താവിന്റെ മനസ്സില്‍ നിറയെ എന്തായിരിക്കും? ഭയംകൊണ്ട്‌ ചുവന്ന മുഖമാണ്‌ ആ ഭാര്യക്ക്‌. അവളിതുവരെ കരഞ്ഞിട്ടില്ല. തന്റെ അശ്രദ്ധകൊണ്ടുണ്ടായ ദുരന്തമാണല്ലോ എന്ന ചിന്തയാണ്‌ അവളില്‍ നിറയെ. ഭര്‍ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ആധിയില്‍ അവള്‍ നിര്‍വികാരയായി പുറത്തുനില്‍ക്കുന്നു!
എന്തായിരിക്കും അയാളുടെ പ്രതികരണം?അയാള്‍ കുഞ്ഞിന്റെ മൃതശരീരം കൈയില്‍ വെച്ച്‌ അവളെ നോക്കി. അയാള്‍ ഇത്രമാത്രം പറഞ്ഞു: `I love you darling'' -ഞാനിപ്പോഴും നിന്നെ സ്‌നേഹിക്കുന്നു. ഇത്‌ കേട്ടപ്പോള്‍ അവള്‍ കരഞ്ഞു. കുഞ്ഞിന്റെ മരണത്തിലുള്ള വേദന മാത്രമായിരുന്നില്ല ആ കണ്ണീര്‍. മറിച്ച്‌, ഭര്‍ത്താവിന്റെ നിലയ്‌ക്കാത്ത സ്‌നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം കൂടിയായിരുന്നു അത്‌.
****

സ്‌നേഹപൂര്‍വം പ്രിയങ്കരിയായ ആഇശക്ക്‌ തിരുനബി(സ) സമ്മാനിച്ച പായസം നിമിഷനേരത്തെ അരിശംകൊണ്ട്‌ ആഇശ(റ) തട്ടിക്കളഞ്ഞു. പാത്രം ചിന്നിച്ചിതറി, പായസം നിലത്തൊഴുകി.
അരിശം അണപൊട്ടിയൊഴുകാന്‍ സാധ്യതയേറെയുണ്ടായിട്ടും പ്രണയാര്‍ദ്രമായ ഹൃദയത്തോടെ ക്ഷമയുടെ പ്രവാചകന്‍ ഇത്രമാത്രം പറഞ്ഞു: ``ഉമ്മുല്‍ മുഅ്‌മിനീന്‍ ഇന്നെന്തോ ദേഷ്യത്തിലാണല്ലേ?''
****

കേരളത്തിലെ പ്രശസ്‌തനായ കാന്‍സര്‍ ചികിത്സകന്‍ ഡോ. വി പി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം അതിമനോഹരമായ പുസ്‌തകമാണ്‌. ഡോക്‌ടറുടെ ചികിത്സാനുഭവങ്ങളുടെ ഡയറി എന്നതിലേറെ, മനുഷ്യസ്‌നേഹത്തിന്റെ പാഠപുസ്‌തകമാണത്‌. അതിലൊരു സംഭവമുണ്ട്‌.കാന്‍സര്‍ ബാധിച്ച ഒരു യുവതി ഡോക്‌ടറുടെ അടുത്തെത്തി. വിദഗ്‌ധ പരിശോധനയ്‌ക്കു ശേഷം രോഗം ഗുരുതരമാണെന്ന്‌ വിലയിരുത്തി. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ്‌ വേണ്ടത്‌. പക്ഷേ, ആ കുടുംബത്തിന്‌ ചെലവ്‌ താങ്ങാന്‍ സാധിക്കാതെ ചികിത്സക്കു നില്‍ക്കാതെ സങ്കടത്തോടെ വീട്ടിലേക്ക്‌ തിരിച്ചുപോയി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു യുവാവ്‌ ഡോക്‌ടറെത്തേടിയെത്തി. മുമ്പ്‌ വന്ന ആ യുവതിയുടെ ഭര്‍ത്താവാണയാള്‍. ഗള്‍ഫില്‍ നിന്ന്‌ വന്നതാണ്‌. പരിചയപ്പെടുത്തലിനു ശേഷം അയാള്‍ പറഞ്ഞതിങ്ങനെ:
``
ഡോക്‌ടര്‍, ഞങ്ങള്‍ വിവാഹിതരായിട്ട്‌ ഏതാനും ദിവസങ്ങളേ ആയുള്ളൂ. അല്‍പം ദിവസങ്ങള്‍ മാത്രമേ ഞങ്ങള്‍ ഒന്നിച്ച്‌ കഴിഞ്ഞിട്ടുള്ളൂ. ഗുരുതരമായ രോഗമാണ്‌ അവള്‍ക്കിപ്പോള്‍ ബാധിച്ചിരിക്കുന്നത്‌. എന്തു ചെയ്യണെന്ന്‌ ഞാന്‍ കുറെ ആലോചിച്ചു. അവളെ ഒഴിവാക്കിയാല്‍ ആരുമെന്നെ കുറ്റപ്പെടുത്തില്ലെന്ന്‌ എനിക്കറിയാം. പക്ഷേ, എന്തുവന്നാലും ഞാനവളെ ചികിത്സിക്കും. മരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ മരിപ്പിക്കും. ജീവിക്കുകയാണെങ്കില്‍ പൂര്‍ണാരോഗ്യം വരെ ചികിത്സിക്കും. മരുഭൂമിയില്‍ രാവും പകലും അധ്വാനിക്കേണ്ടിവന്നാലും പണമുണ്ടാക്കി ഞാനവളെ ചികിത്സിക്കും.''
തിരിച്ചുപോയ അയാള്‍ ഡോക്‌ടറുടെ അക്കൗണ്ടിലേക്ക്‌ പണമയച്ചുകൊണ്ടിരുന്നു. വിദഗ്‌ധ ചികിത്സകള്‍ക്കൊടുവില്‍ അവള്‍ സുഖം പ്രാപിച്ചുതുടങ്ങി. പൂര്‍ണാരോഗ്യം കൈവരിച്ച ശേഷം പഠനം തുടര്‍ന്നു. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നു.ഇത്രയും എ ഴുതിയ ശേഷം ഡോക്‌ടര്‍ പറയുന്നു: ``കൈപിടിക്കാനൊരാള്‍ ഉണ്ടെങ്കില്‍ എത്ര വലിയ ആപത്തില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമെന്ന്‌ എനിക്ക്‌ മനസ്സിലായി.''
ഉള്ളു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹത്തിന്റെ മികച്ച സാക്ഷ്യമാണീ സംഭവങ്ങള്‍. വൈവാഹിക ബന്ധം ഈടും ഉറപ്പുമുള്ള പ്രണയമായും ആത്മബന്ധമായും തെളിയുന്ന തിളക്കമുണ്ട്‌ ഈ അനുഭവങ്ങളില്‍.ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ്‌ ഇണകളില്‍ ഒരാള്‍ക്കെങ്കിലുമുള്ളതെങ്കില്‍ അതാണ്‌ വിവാഹജീവിതത്തിന്റെ വിജയം. കണ്ണികള്‍ അഴിഞ്ഞുകിടക്കുന്ന ചങ്ങല കാണാന്‍ ഭംഗിയില്ലല്ലോ. എന്നാല്‍ ഒന്നിനോടൊന്ന്‌ കോര്‍ത്തു കെട്ടിയാല്‍ എത്ര രസമാണ്‌, എന്തൊരു ശക്തിയാണ്‌! ഇണയും തുണയുമാകുന്ന ബന്ധത്തിലാണ്‌ സുഖവും ശക്തിയും.

2011 ഏപ്രിൽ 20, ബുധനാഴ്‌ച

ഒരു ബ്ലോഗറുടെ നല്ല മനസ്സിന്റെ ഫലം

മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം

പ്രിയപ്പെട്ട കൂട്ടുകാരെ,

നമ്മള്‍ വാങ്ങിക്കൊടുത്ത സ്ഥലത്തേക്ക്, നമ്മുടെ സഹായത്താല്‍ പണിത വീട്ടിലേക്ക് മുസ്തഫ താമസം മാറുകയാണ് ഏപ്രില്‍ 17 ന്. ഇത് നമ്മുടെ സന്തോഷമാണ്. നമ്മള്‍ ബൂലോകവാസികളുടെ സന്തോഷം.
കൃത്യമായി പറഞ്ഞാല്‍ രണ്ടുവര്‍ഷം മുമ്പാണ് മുസ്തഫയുടെ വീടിനുവേണ്ടി തുടക്കം കുറിച്ചത്.

മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്തഫക്ക് വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ചന്ദനഗ്രാമം എന്ന പുസ്തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്, വേറെ പുസ്തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്തഫക്ക് പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ് മുസ്തഫയ്ക്കുള്ള യഥാര്‍ഥ ഇല്ലായ്മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്തഫ.


മുസ്തഫയ്‌ക്കൊരു പുസ്തകമെന്നേ അന്നു കരുതിയിരുന്നുള്ളൂ.
പക്ഷേ, പുസത്കത്തില്‍ തുടങ്ങിയ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് വീട്ടിലേക്കെത്തിയത്. ആദ്യം നിരക്ഷരനും മുരളികയും മുസ്തഫയെ നേരിട്ട് കണ്ടു. പിന്നെ മൂന്നൂരാനും ഞാനും. പലരും മുസ്തഫയെ വിളിച്ച് സംസാരിച്ചു. പുസ്തകത്തിനൊപ്പം പലരും ധനസഹായവുമായി എത്തി. ബൂലോകകാരുണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ് സുലൈഖയുടെയും എന്റെയും പേരില്‍ കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുത്തത്.
ചെറിയ ചെറിയ സഹായങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോള്‍, പിന്നെയത് വീടെന്ന സ്വപ്‌നത്തിലേക്കെത്തി.
ആരും ആവശ്യപ്പെട്ടിട്ടൊന്നുമായിരുന്നില്ല ബൂലോകവാസികള്‍ സാമ്പത്തികമായി സഹായിക്കാമെന്നേറ്റത്. വീടും സഥ്‌ലവും ഉണ്ടാവുമെന്നൊന്നും പ്രതീക്ഷിക്കാതെയാണ് ഞാനതുവരെ കാണുകയോ സംസാരിക്കുകയോ ചെയതിട്ടി്ല്ലാത്ത സുഹൃത്തുക്കളുടെ ഉത്സാഹത്തില്‍ മുസ്തഫയ്‌ക്കൊരു വീട് എന്ന സ്വപ്‌നത്തെക്കുറിച്ച് ചിന്തിക്കുന്നത്. എത്രപെട്ടെന്നായിരുന്നു പ്രതികരണങ്ങള്‍... പിറ്റേന്നുമുതല്‍ മുസ്തഫയുടെ വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക് ഡ്രാഫ്റ്റ് വരാന്‍ തുടങ്ങി. ഈ സ്വപ്‌നത്തിലേക്ക് എത്തിച്ചേരാനൊക്കുമോ എന്ന് പലപ്പോഴും പേടിച്ചു. മുസ്തഫക്ക് വെറുതേ വേണ്ടാത്ത സ്വപ്‌നം കൊടുക്കണോ എന്ന്. അതുകൊണ്ടു തന്നെ ഇടയ്ക്കിടക്ക് മുസ്തഫയെ വിളിച്ചു പറയും ഇത് വെറും ശ്രമമാണ്. പരമാവധി ശ്രമിച്ചു നോക്കാം എന്ന്.
മ അപ്പോഴൊക്കെ നിരക്ഷരനെന്ന മനോജ് രവീന്ദ്രനും മുന്നൂറാനെന്ന പി ടി മുഹമ്മദ് സാദിക്കും എനിക്കു ധൈര്യം തന്നു. അവര്‍ എനിക്കൊപ്പം എപ്പോഴും നിന്നു. നിര്‍ണ്ണായകമായ പല തീരുമാനമെടുക്കുന്നതിനും സഹായിക്കുന്നതിനും....


പുളിക്കലില്‍ ഇരിക്കുന്ന മുസ്തഫ പലപ്പോഴും കിടക്കപ്പുണ്ണുവന്ന് ആശുപത്രിയിലായിരുന്നു . ഞാന്‍ കോഴിക്കോട്ട്. ബൂലോകസുഹൃത്തുക്കള്‍ ലോകത്തിന്റെ പലകോണില്‍...

നമ്മുടെ ബ്ലോഗേഴ്‌സ് ഒററക്കും കൂട്ടായും സഹായിച്ചു. കൂടാതെ ഗള്‍ഫ്ില്‍ മാധ്യമത്തിലും മലയാളം ന്യൂസിലും കൊടുത്ത വാര്‍ത്ത കണ്ട് ഒരുപാടുപേര്‍ സഹായിച്ചു. വലുതും ചെറുതുമായ സഹായങ്ങള്‍. ഇങ്ങനെ കിട്ടിയതില്‍ നല്ലൊരു പങ്കും ഗള്‍ഫ് നാടുകളില്‍ നിന്നായിരുന്നു എന്ന് മാത്രമല്ല വളരെ കുറഞ്ഞ വേതനത്തിന് അവിടെ ജോലി ചെയ്യുന്ന നല്ലൊരു കൂട്ടം മലയാളികളാണ് വളരെ ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി അയച്ചുതരുന്നതില്‍ മുന്നില്‍ നിന്നത്.

മുസ്തഫക്കൊരു പുസ്തകം എന്ന പോസ്റ്റും മൂന്നൂരാന്‍ എഴുതിയ 'ബ്ലോഗെഴുത്ത് വെറുമെഴുത്തല്ല' എന്ന പോസ്റ്റും മാതൃഭൂമി ബ്ലോഗനയില്‍ വരുകയുണ്ടായി.
ബ്ലോഗനയില്‍ കണ്ടതുകൊണ്ടുമാത്രമാണ് ഹാരൂണ്‍ സാഹിബിനെ പരിചപ്പെടാനിടയായത്. മുസ്തഫ കിടപ്പിലായിരുന്നതുകൊണ്ട് കിടക്കപ്പുണ്ണുവന്ന് തിരിയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട് ഇഖ്‌റ ഹോസ്പിററലില്‍ ഓപ്പറേഷനും ചികിത്സക്കും വേണ്ടി ഒന്നരമാസത്തോളം മുസ്തഫ കിടന്നു. ഹാരൂണ്‍ സാഹിബിന്റെ സഹായത്തിലാണ് അതു സാധിച്ചത്.


മുസ്തഫയ്ക്ക് ഒരു സ്ഥലം കണ്ടുപിടിക്കുന്നതിനുവേണ്ടി പെയ്ന്‍ & പാലിയേറ്റീവിനെ ഇടപെടുവിച്ചുകൊണ്ട് ജനകീയ സമിതി രൂപീകരിച്ചു. പെയ്ന്‍ & പാലീയേറ്റീവിലെ അഷ്‌റഫ് സാറും അഫ്‌സലും ചേര്‍ന്ന് സ്ഥലം കണ്ടെത്തി. പുളിക്കലില്‍ തന്നെ...ദൂരത്തൊക്കെ വിലകുറച്ച് സ്ഥലം കിട്ടുമായിരുന്നു. പക്ഷേ, ദൂരത്തെവിടെയെങ്കിലും സ്ഥലം വാങ്ങിയിട്ട് വയ്യാത്ത മുസ്തഫയ്ക്ക് എന്തുചെയ്യാന്‍..പെയ്ന്‍ & പാലീയേറ്റീവ് ക്ലിനിക്കിനടത്തു തന്നെ വേണമായിരുന്നു. വാഹനം ചെന്നെത്തുന്ന, കറണ്ടും വെള്ളവുമൊക്കെയുള്ള അഞ്ചേമുക്കാല്‍ സെന്റ് സ്ഥലം. വീടില്ല. തറയുണ്ട്. നമ്മുടെ ടാര്‍ജറ്റിനേക്കാള്‍ അപ്പുറത്തെത്തുന്ന വില. നാലേകാല്‍ ലക്ഷം രൂപ. അപ്പോഴും ബൂലോകര്‍ സഹായിക്കാനെത്തി. ചിലരുടേതൊക്കെ രണ്ടാമത്തെയോ മൂന്നാമത്തെയോ സഹായമായിരുന്നു.
. പല ബ്ലോഗുകളിലും, അമൃത ടി വി, കള്‍ച്ചറല്‍ & ബാങ്കിംഗ് സോളിഡാരിറ്റി മാസിക, കോഴിക്കോട് ജില്ലാസഹകരണബാങ്കിന്റെ അകത്തളം മാസിക,കോഴിക്കോട് ബാങ്ക്‌മെന്‍സ് ക്ലബ്ബ് ബുളളറ്റിന്‍ ,, സഹയാത്ര , നാട്ടുപച്ച, മാസികകളില്‍ മുസ്തഫയെക്കുറിച്ചു വന്നു. ( ഏതെങ്കിലും വിട്ടുപോയോ എന്തോ? ക്ഷമിക്കുക, ഓര്‍മിപ്പിക്കുക)

അമേരിക്കയിലെ FOMAA എന്ന സംഘടന വീടിനു സഹായിക്കാന്‍ തയ്യാറായി...ഫോമയിലെ അനിയന്‍ ജോര്‍ജ്, ജോണ്‍ ടൈറ്റസ്, റീനി മമ്പലം എന്നിവരെ പ്രത്യേകമോര്‍ക്കുന്നു. പബ്ലിക് റിലേഷന്‍ വകുപ്പിലെ രാജ്‌മോഹന്റെ സഹായത്തില്‍, പുളിക്കല്‍ പഞ്ചായത്തിന്റെ സഹായത്തില്‍..അങ്ങനെ അങ്ങനെ ചെറുതും വലുതുമായ ഒരുപാടൊരുപാടു സഹായങ്ങളിലൂടെ മുസ്തഫയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. പെയ്ന്‍ ക്ഷ പാലിയേററീവ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു വീടുപണിയുടെ മേല്‍നോട്ടം. പലപ്പോഴും മണല്‍ക്ഷാമവും പണിക്കാരുടെ ക്ഷാമവും കൊണ്ട് പണി നീണ്ടുപോയി...കാലതാമസം വന്നതൊന്നും ഒരു കാര്യമാണെന്നു തോന്നുന്നില്ല. അത് മനപ്പൂര്‍വ്വമായിരുന്നില്ല.

സാമ്പത്തികമായി സഹായിച്ചവര്‍, മാനസീകമായി പിന്തുണച്ചവര്‍ , പുസ്തകങ്ങള്‍ അയച്ചുകൊടുത്തവര്‍, ...അങ്ങനെ എത്രയെത്രപേരാണ്. പേരെടുത്തു പറയാത്തതില്‍ ക്ഷമിക്കുക. ചിലപ്പോള്‍ പേരുകള്‍ വിട്ടുപോയെന്നു വരും. (മുന്‍പോസ്റ്റ കമന്റുകളിലുണ്ട്) .
മിക്ക പത്രമാധ്യമങ്ങളിലും വന്നതുകൊണ്ട് അങ്ങനെയും സഹായമെത്തിയിട്ടുണ്ട്. പല സുഹൃത്തുക്കളും പരിചയക്കാരും സഹായിക്കാമെന്നു പറഞ്ഞിരുന്നു. നമ്മള്‍ ലക്ഷ്യത്തിലെത്തിയതുകൊണ്ട് അവരോടൊക്കെ പിന്നീടൊരവസരം തരാം എന്നു പറഞ്ഞിട്ടുണ്ട്.

വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക്‌ ഇതുവരെ 543008 രുപ ലഭിച്ചിട്ടുണ്ട്‌. (FOMAA യുടെ ഒരുലക്ഷം ഉള്‍പ്പെടെ) ഇപ്പോഴും ചെറിയ തുകയുടെ ഡ്രാഫ്‌റ്റുകള്‍ കിട്ടാറുണ്ട്‌. ആരാണ്‌ അയയ്‌ക്കുന്നതാ എന്നറിയില്ല. ഇങ്ങനെ നമുക്കോ മുസ്‌തഫയ്‌ക്കോ അറിയാത്ത ചിലര്‍ അരിയും സാധനങ്ങളുമായി ചെന്നിട്ടുണ്ട്‌. ആ അജ്ഞാത സുഹൃത്തുക്കള്‍ക്ക്‌്‌ നന്ദി..

സ്ഥലത്തിന്‌ വേണ്ടിവന്ന 425000യ- രൂപയില്‍ 375000 രുപയാണ്‌ നമ്മള്‍ കൊടുത്തത്‌. 50000യ- സാദിക്കിന്റെ പരിചയത്തിലുള്ള ഒരാള്‍ പെയ്‌ന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കില്‍ നേരിട്ടേല്‌പിക്കുകയായിരുന്നു. പെയ്‌ന്‍ & പാലിയേറ്റീവ്‌ യൂണിറ്റ്‌ കുടനിര്‍മ്മാണത്തിലും സോപ്പു നിര്‍മ്മാണത്തിലും മുസ്‌തഫയ്‌ക്ക്‌ പരിശീലനം നല്‌കിയിരുന്നു. സോപ്പു നിര്‍മ്മാണത്തിനാവ്‌ശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനു വേണ്ടി 15000 രൂപ നല്‌കിയിട്ടുണ്ട്‌. വീടു നിര്‍മ്മാണത്തിലേക്കായി FOMAA നല്‌കിയ പണമടക്കം 125000 രൂപ നല്‌കി. ( ഒരിക്കല്‍ ചെക്ക്‌ കളക്ഷന# ചാര്‍ജ്‌ 105 രൂപ) വീടുപണി കഴിഞ്ഞശേഷം അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 27903 /- രൂപയില്‍ 25000/- രൂപ സ്ഥിരനിക്ഷേപമിട്ടിട്ടുണ്ട്‌. FD Receipt 17 ന്‌ മുസ്‌തഫയ്‌ക്ക്‌ കൈമാറുന്നതാണ്‌.





എനിക്കറിഞ്ഞുകൂടാ...എങ്ങനെയാ, ആര്‍ക്കൊക്കെയാ നന്ദി പറയേണ്ടതെന്ന്..അതിന് ഏതു വാക്കാണ് വേണ്ടതെന്ന്...വാക്കിനുവേണ്ടി തപസ്സിരിക്കേണ്ടി വരുന്നു. ഭാഷയുടെ പരിമിതിയോര്‍ത്ത് ദുഖിക്കുന്നു.

ഇന്‍രര്‍നെറ്റുമായി ജീവിക്കുന്ന യുവത്വത്തിന് മനഷ്യത്വമോ കാരുണ്യമോ ഇല്ലെന്നാണ് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്. അതുകേള്‍ക്കുമ്പോള്‍ വല്ലാതെ വിഷമം തോന്നാറുണ്ട്. അങ്ങനെ പറയുന്നവര്‍ക്കു മുന്നില്‍ ഇനിമുതല്‍ മുസ്തഫയുടെ വീടുണ്ട്. അതുപോലെ നമ്മുടെ കുഞ്ഞുകുഞ്ഞു സാഹായങ്ങളെത്തിയ പലതുമുണ്ട്.
മുസ്തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ അപ്പോള്‍ മുസ്തഫയാണുണ്ടായിരുന്നത്. ...


ജാതിയോ മതമോ കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രമായിരുന്നു നമ്മള്‍ മുസ്തഫയെ കണ്ടത്. ഈ രണ്ട് വര്‍ഷത്തെ ഇടപെടലുകളില്‍ നിന്ന് എനിക്കൊ രുപാട് പാഠങ്ങള്‍ കിട്ടിയിട്ട്. ഒരുപാട് നല്ല സുഹത്തുക്കളെ കിട്ടിയിട്ടുണ്ട്. ഇതൊക്കെ ഇതിനിയും നിലനില്ക്കണം എന്നാഗ്രഹമുണ്ട്. ഇനിയും നമുക്കിതുപോലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുണ്ട്. അത് എന്തൊക്കെ, ഏതൊക്കെ പതുക്കെ എന്നാലോചിക്കാം.

ഈ 17 ന് പുളിക്കലില്‍ മുസ്തഫയുടെ വീട്ടിലേക്ക് എല്ലാവരെയും സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.

2011 ജനുവരി 3, തിങ്കളാഴ്‌ച

ജീവിത ചരിത്രം

ആത്മവീര്യത്തിന്റെ ഉത്തമ മാതൃകയായ ഒരു സ്വഹാബി വനിത


بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

അസ് മാ‍അ് (റ)


സിദ്ധീഖ് (റ) ന്റെ പുത്രിയും മഹതി ആഇശ(റ) യുടെ ജേഷ്ട സഹോദരിയും ധീരനായ സുബൈർ (റ) ന്റെ പത്നിയും മഹാനായ അബ്ദുല്ലാഹിബ്‌നു സുബൈർ (റ) ന്റെ മാതാവുമായ മഹതി അസ്‌മാ‍അ് (റ) .ഇസ്‌ലാമിൽ പ്രവേശിച്ച പതിനെട്ടാമത്തെ വ്യക്തിയായിരുന്നു അവർ.

നബി(സ)യും അബൂബക്കർ സിദ്ധീഖ് (റ)വും മദീനയിൽ എത്തിച്ചേർന്ന ശേഷം ഇരുവരുടെയും കുടുംബത്തെ കൂട്ടിവരുവാൻ ആളെ അയച്ചു. അസ്‌മാ‍അ് (റ) പൂർണ്ണ ഗർഭവതിയായിരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിൽ വിഷമം നിറഞ്ഞ സമയം. പ്രസവം വരെ കാത്ത് മക്കയിൽ താമസിച്ചാൽ എന്ത് സംഭവിക്കുമെന്നറിയില്ല. ഇസ്‌ലാമിന്റെ രക്ഷാർത്ഥം വേണ്ടിവന്നാൽ നാടു വിടുന്നതിനോ വഴിമധ്യേയുള്ള പ്രസവ വേദനയോ വീരമൃത്യുവോ അവർ പ്രശ്നമാക്കിയില്ല. അസ്‌മ(റ) യും കുടുംബത്തോ‍ടൊപ്പം പുറപ്പെടുക തന്നെ ചെയ്തു. അവർക്ക് മദീനയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. ‘ഖുബാ’ യിൽ എത്തിയപ്പോ‍ൾ പ്രസവ വേദന അനുഭവപ്പെട്ടു. അവിടെ വെച്ചുതന്നെ പ്രസവവും നടന്നു. ഹിജ്‌റക്ക് ശേഷം മുഹാജിറുകൾക്ക് പിറന്ന ഒന്നാമത്തെ സന്താനമായിരുന്നു അത്. ധീരനായ അബ്‌ദുല്ലാഹിബ്‌നു സുബൈർ(റ) ആയിരുന്നു ആ ശിഷു.

അക്കാലത്ത് മുസ്‌ലിംകൾക്കുണ്ടായിരുന്ന വിഷമങ്ങളും ദാരിദ്ര്യവും പരക്കെ പ്രസിദ്ധമത്രെ. എന്നിട്ടും ജീവിതത്തിന്റെ അത്യാപൽഘട്ടത്തിൽ പ്രസ്‌തുത മഹതി പ്രകാശിപ്പിച്ച ഈ ത്യാഗബോധവും അതിൽ പ്രകടമായി കാണുന്ന മനോവീര്യവും എത്ര ശ്രമകരം !.

അസ്‌മാ(റ)ന്റെ ജീവിത രീതി അവർ തന്നെ വിവരിക്കുന്നത് കാണുക : സുബൈർ (റ) ഞാനുമായി ദാമ്പത്യ ബന്ധത്തിലേർപ്പെട്ട അവസരം സ്വത്തുക്കളോ മറ്റ് ധനമോ ജോലിക്കാരോ ഒന്നുമില്ലാത്ത ആളായിരുന്നു. ആകെയുള്ള സമ്പാദ്യം വെള്ളം ചുമന്ന് കൊണ്ട് വരാൻ ഉപയോഗിച്ചിരുന്ന ഒരു ഒട്ടകവും ഒരു കുതിരയും മാത്രമായിരുന്നു. ഒട്ടകത്തിന് പുല്ലും മറ്റും കൊണ്ട് വരികയും ഈത്തപ്പഴക്കുരു ഇടിച്ച് തീറ്റുകയും മറ്റും ചെയ്യേണ്ട ജോലി ഞാൻ തന്നെ ഏറ്റെടുക്കുകയാണ് ചെയ്തത്. വെള്ളം നിറക്കുക, വെള്ളം കോരുന്ന തോൽ പാത്രം കീറിയാൽ തയ്ക്കുക മുതലായ ജോലികളും ഞാൻ തന്നെ ചെയ്തു പോന്നു. കുതിരക്ക് പുല്ലും മറ്റും കൊടുത്ത് ശുശ്രൂഷിക്കുകയും മറ്റു വീട്ടു ജോലികൾ നിർവ്വഹിച്ചിരുന്നതും ഞാൻ തന്നെയായിരുന്നു. കുതിരയെ അന്വേഷിച്ച് നടക്കുന്ന ജോലിയായിരുന്നു ഇതിലെല്ലാം വെച്ച് എനിക്ക് പ്രയാസമായി തോന്നിയിരുന്നത്. റൊട്ടി പാകം ചെയ്യുന്നതിൽ നല്ല പരിചയമില്ലായ്‌കയാൽ പൊടികുഴച്ച് അടുത്തുള്ള അൻസാരികളായ സ്‌ത്രീകളുടെ വീട്ടിൽ കൊണ്ട് പോവുക പതിവായിരുന്നു. സൽസ്വഭാവത്തിൽ പേരെടുത്ത ആ മഹതികൾ എന്നെ സഹായിക്കുകയും റൊട്ടി പാകം ചെയ്ത് തരികയും ചെയ്യുമാ‍യിരുന്നു. കുറെ കാലം കഴിഞ്ഞ ശേഷം നബി കരീം (സ) കൊടുത്തിരുന്ന ഒരു വേലക്കാരനെ എന്റെ പിതാവ് അബൂബക്കർ (റ) എനിക്കയച്ച് തന്നു. അത് കാരണം കുതിരയുടെ പരിപാലന ജോലിയിൽ നിന്ന് എനിക്ക് മോചനം കിട്ടി. ഒരു ബന്ധനത്തിൽ നിന്ന് വിമുക്‌തമായ പ്രതീതിയായിരുന്നു പ്രസ്‌തുത ഭൃത്യനെ ലഭിച്ചപ്പോൾ എന്നിൽ ഉളവായിരുന്നത്.
സ്ഥിര ചിത്തതയുടെ മാതൃക :

സിദ്ധീഖ് (റ) മദീനയിലേക്ക് നബി(സ) യുടെ കൂടെ പുറപ്പെട്ടപ്പോൾ കുടുംബത്തെ മക്കയിൽ നിർത്തിയായിരുന്നു പാലായനം ചെയ്തതെന്ന് മനസ്സിലായല്ലോ. വിവരം പട്ടണത്തിലറിഞ്ഞതോടെ സിദ്ധിഖ് (റ) ന്റെ പിതാവും അന്ന് മുസ്‌ലിമായിട്ടില്ലാത്ത ആളുമായ അബൂഖുഹാഫ(റ) (പിന്നീട് മുസ്‌ലിമായി ) സന്തതികളെ ആശ്വസിപ്പിക്കാനും സ്ഥിതികൾ അന്വേഷിക്കാനും വീട്ടിലേക്ക് ചെന്നു. കാഴ്ച നഷ്ടപ്പെട്ടിരുന്ന അബൂഖുഹാഫ മനസ്‌താപം പ്രകടിപ്പിക്കുന്നതിനിടയിൽ പൌത്രികളോട് ചോദിച്ചു. ‘ അബൂബക്കർ നാടു വിട്ടു കൊണ്ട് നിങ്ങളെയും നമ്മെയും വേദനപ്പെടുത്തി. എന്നാൽ അദ്ധേഹം സമ്പാദിച്ച ധനം മുഴുവനും എടുത്തുകൊണ്ടുപോയി ജീവിതയാതനകൾക്കും നിങ്ങളെ വിധേയമാക്കിയോ ?’ ( വാസ്‌തവത്തിൽ നബി(സ)യുടെ കൂടെ പുറപ്പെടുന്ന ആ മഹാൻ വഴിയിൽ വെച്ച് നബി(സ)ക്ക് വല്ല വിഷമവും വന്ന് പോകുന്നതിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന അഞ്ചാറായിരം ദിർഹം മുഴുവൻ കൂടെ കൊണ്ട് പോയിരുന്നു. ) എന്നാൽ പിതാവിന്റെ വിലാപം കേട്ട് അദ്ദേഹത്തെ ആശ്വസിപ്പിക്കനായി ധൈര്യം അവലംബിച്ച് കൊണ്ട് അസ്‌മാ(റ) ഒരു പൊടിക്കൈ ഉപയോഗിച്ചാണ് ആ വിഷണ്ണത മാറ്റിയത്. പിതാവ് പണം സൂക്ഷിക്കാറുള്ള ചുവരിലെ ഒരു തുളയിൽ കുറെ ചെറിയ കല്ലുകൾ ഇട്ട് അതിന്മേൽ തുണിയിട്ട് മൂടുകയും പിതാമഹന്റെ കൈ പിടിച്ച് അതിന്മേൽ വെച്ച് കൊണ്ട് അവർ പറയുകയുണ്ടായി. ‘ ഞങ്ങളുടെ ആവശ്യത്തിന് നല്ല ഒരു തുക ഇവിടെ സൂക്ഷിച്ചാണ് പിതാവ് പോയിട്ടുള്ളത്. ആകയാൽ ഞങ്ങൾക്ക് യാതൊരു വിഷമവും ഇല്ല തന്നെ’. ഇത് കേട്ട് ആശ്വസിച്ച അബൂ ഖുഹാഫ പറഞ്ഞു. ‘ നല്ലത് തന്നെ ,നിങ്ങളുടെ ജീവിതമെങ്കിലും അത് കൊണ്ട് നിവർത്തിക്കാമല്ലോ’ .!

അസ്‌മാ‍അ് (റ) പറയുന്നു. ‘ അല്ലാഹുവിൽ സത്യം. അവിടെ യാതൊന്നും ഉണ്ടായിരുന്നില്ല. പിതാവിന്റെ ദു:ഖം തീർക്കാനും മനസ്സമാധാനം ഉണ്ടാക്കാനുമായിരുന്നു ഞാൻ അപ്രകാരം ചെയ്‌തത്. എന്തൊരു ദൃഢ നിശ്ചയം ! പതറാത്ത മനോദാർഢ്യം ! പിതാമഹനേക്കാൾ കൂടുതൽ ദു:ഖിക്കേണ്ടിയിരുന്ന, ഗർഭിണിയും നിരാലംബയുമായി തീർന്ന സ്ത്രീ ബാഹ്യമായി മറ്റൊരു മാർഗ്ഗമില്ലാതെ വലയുകയും പിതാമഹനോട് ന്യായമായും ആവലാതിപ്പെടുകയും ചെയ്യേണ്ട സ്ഥാനത്ത് ഇസ്‌ലാമിന്റെ പേരിൽ വിലപിക്കുന്ന ആ അവിശ്വാസിയായ പിതാവിന്റെ മുമ്പിൽ ചൂളിപ്പോകാതെ മനോധൈര്യമവലംബിച്ച് സർവ്വസ്വവും അല്ലാഹുവിൽ സമർപ്പിച്ച് സമാശ്വസിക്കാൻ മുതിർന്നത് എത്ര മാതൃകായോഗ്യം !

സ്‌ത്രീ പുരുഷ ഭേതമന്യേ അത്തരം ധീരതയും സ്ഥിരചിത്തതയും അവരുടെ പുണ്യം കൊണ്ട് അല്ലാഹു നമുക്കെല്ലാം പ്രദാനം ചെയ്യുമാറാകട്ടെ. ആമീൻ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

2011 ജനുവരി 2, ഞായറാഴ്‌ച

തണല്‍: പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ചിന്തിക്കുക

തണല്‍: പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ചിന്തിക്കുക: "എന്താണ് ഹിക്മത്? നാം ഖുര്‍ആനിലും ഹദീസിലും പല സ്ഥലത്തും കാണാറുണ്ട്. നമുക്കൊരു കഥയില്‍ തുടങ്ങാം. ഒരു സ്ഥലത്ത് ഒരു ഭരണാധികാരിയുണ്ടായിരുന്നു. അദ..."

തണല്‍: അല്ലാഹുവിന്റെ വിധിവിലക്കുകളിലെ യുക്തി

തണല്‍: അല്ലാഹുവിന്റെ വിധിവിലക്കുകളിലെ യുക്തി: "രണ്ടുദിവസം മുമ്പ് (1.12.2010) സ്‌കൂളില്‍ എയ്ഡ്‌സ്ദിനം ആചരിച്ചു. കെ.ഇ.എസ്.എസ്. എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി-വിദ..."

2011 ജനുവരി 1, ശനിയാഴ്‌ച

മലയാളം ഹദീസ് പഠനം

സഹല്‍ ബിന്‍ ഹുനൈഫി(റ)ല്‍ നിന്ന്: (ബദറില്‍ പങ്കെടുത്തവ്യക്തിയാണദ്ദേഹം) നബി(സ) പറഞ്ഞു. രക്തസാക്ഷിയാകാന്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നവന്‍ തന്റെ വിരിപ്പില്‍ കിടന്നു മരണപ്പെട്ടാലും രക്തസാക്ഷിയുടെ പദവി അല്ലാഹു അവന് പ്രദാനം ചെയ്യുന്നതാണ്. (മുസ്ലിം)

അബൂഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ത്രാണിയുണ്ടായിരിക്കെ, ആരൊരുവന്‍ ഒരു മൃഗത്തെ ബലികഴിക്കുന്നില്ലയോ (ബലി പെരുന്നാളിന് ), അവന്‍ നമ്മുടെ പ്രാര്‍ത്ഥന സ്ഥലത്ത് വരാതിരിക്കട്ടെ. (അഹ്മദ്)

ബറാഅ്(റ) നിവേദനം: നബി(സ) പ്രസംഗിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ അവിടുന്ന് അരുളി: നിശ്ചയം നമ്മുടെ ഈ ദിവസം നാം ആദ്യമായി ആരംഭിക്കുക നമസ്കാരമാണ്. ശേഷം നാം പുറപ്പെട്ട് ബലിയറുക്കും. അങ്ങനെ വല്ലവനും ചെയ്താല്‍ അവന്‍ നമ്മുടെ നടപടി സമ്പ്രദായങ്ങളില്‍ എത്തിച്ചേര്‍ന്നു. (ബുഖാരി : 2-15-71)


ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ബലി പെരുന്നാള്‍ ദിവസവും ചെറിയ പെരുന്നാള്‍ ദിവസവും നമസ്കരിക്കും. ശേഷം പ്രസംഗിക്കും. (ബുഖാരി : 2-15-77)

ജുന്‍ദുബ്(റ) നിവേദനം: നബി(സ) ബലിപെരുന്നാള്‍ നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പിന്നീട് അറവ് നിര്‍വ്വഹിച്ചു. അവിടുന്നു പറഞ്ഞു: വല്ലവനും നമസ്കാരത്തിന്റെ മുമ്പ് ബലിമൃഗത്തെ അറുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സ്ഥാനത്ത് മറ്റൊന്നു അറുക്കട്ടെ. അറുക്കാത്തവന്‍ അല്ലാഹുവിന്റെ നാമത്തില്‍ അറുക്കട്ടെ. (ബുഖാരി : 2-15-101)

ബറാഇബ്നു ആസിബ്(റ) നിവേദനം ചെയ്തു: ഏതു ബലികളാണ് ഉപേക്ഷിക്കേണ്ടതെന്ന് പ്രവാചക(സ) നോടു ചോദിച്ചു. അവിടന്നു തന്റെ കൈ കൊണ്ടു കാണിച്ചു പറഞ്ഞു: നാല് ; പ്രത്യക്ഷമായിക്കാണുന്ന മുടന്തുള്ളത്, ഒരു കണ്ണ് കുരുടാകയാല്‍ പ്രത്യക്ഷമായി വൈരൂപ്യമുള്ളത്, പ്രത്യക്ഷമായി രോഗം ബാധിച്ച രോഗമുള്ളത്, എല്ലുകളില്‍ മജ്ജ നശിച്ചു ശോഷിച്ചത്. (അബൂദാവൂദ്)

മൈമൂന(റ) നിവേദനം: മനുഷ്യര്‍ നബി(സ) അറഫാ ദിവസം നോമ്പനുഷ്ഠിച്ചിട്ടുണ്ടോ എന്ന സംഗതിയില്‍ ഭിന്നിച്ചു. അപ്പോള്‍ ഞാന്‍ ഒരു പാല്‍ പാത്രം നബി(സ)ക്ക് അയച്ചു കൊടുത്തു. നബി(സ) അറഫായില്‍ നില്‍ക്കുകയായിരുന്നു. അവിടുന്ന് ജനങ്ങള്‍ കാണുന്നവിധം അതു കുടിച്ചു. (ബുഖാരി. 3. 31. 210) - ഹജ്ജ് ചെയ്യുന്ന ആള്‍ക്ക് അറഫ ദിവസം നോമ്പ് നോല്‍ക്കല്‍ സുന്നത്തില്ല എന്ന് സാരം.

ജാബിര്‍(റ) നിവേദനം: നബി(സ) പെരുന്നാള്‍ ദിവസം പോയ വഴിക്കല്ല തിരിച്ചു വരാറുണ്ടായിരുന്നത്. (ബുഖാരി : 2-15-102)

അബൂഹുറൈറ(റ) നിവേദനം: വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരും എന്ന് നബി(സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി : 2-26-596)

ആയിശ(റ) നിവേദനം: പ്രവാചകരേ! ജിഹാദ് സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ യുദ്ധം ചെയ്യേണ്ടയോ? നബി(സ) അരുളി: ആവശ്യമില്ല. എന്നാല്‍ ഏറ്റവും മഹത്തായ യുദ്ധം പരിശുദ്ധമായ ഹജ്ജാണ്. (ബുഖാരി : 2-26-595)

അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: അറഫാ നോമ്പിനെക്കുറിച്ച് റസൂല്‍(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു. കഴിഞ്ഞതും വരുന്നതുമായ ഓരോ കൊല്ലങ്ങളിലെ ചെറിയ പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)

ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: അറഫാ ദിവസത്തേക്കാള്‍ കൂടുതലായി നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഒറ്റ ദിവസവുമില്ല. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: അല്ലാഹു വല്ലവനേയും തന്റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും കാലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും രക്ഷിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)

സുഫ്യാനി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ അവലംബിക്കേണ്ട ഒരുകാര്യം എനിക്ക് പറഞ്ഞുതരിക. എന്റെ നാഥന്‍ അല്ലാഹുവാണെന്ന് നീ പറയുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യൂ. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടതെന്താണ്? സ്വന്തം നാവ് കാണിച്ചിട്ട് നബി(സ) പറഞ്ഞു: ഇതിനെയാണ്. (തിര്‍മിദി)

ഉഖ്ബത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാര്‍ഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിര്‍മിദി)

ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ദിക്റ് ചൊല്ലാതെ നിങ്ങള്‍ അധികം സംസാരിക്കരുത്. ദിക്റ് ചൊല്ലാതെയുള്ള അധിക സംസാരം ഹൃദയത്തെ കഠിനമാക്കും. കഠിനഹൃദയനാണ് ജനങ്ങളില്‍വെച്ച് അല്ലാഹുവിനോട് ഏറ്റവും അകന്നവന്‍. (തിര്‍മിദി)

2010 ഡിസംബർ 20, തിങ്കളാഴ്‌ച

എന്‍റോസള്‍ഫാന്‍ – ചില സത്യങ്ങള്‍

പൂക്കള്‍ തോറും പാറി നടക്കുന്ന ബഹുവര്‍ണ്ണ ചിത്ര ശലഭങ്ങള്‍ക്ക് സമാനമാണ്
നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളും,അവരുടെ കൊഞ്ചലുകളും കളിയും ചിരിയും നമ്മൂടെ
മനസ്സിലെ ഏത് വിഷമത്തെയും അകറ്റാന്‍ നമ്മെ സഹായിക്കുന്നതാണ്‍ …
എങ്കില്‍ ഒരു നാടുമുഴുവന്‍ ആ കിളികൊഞ്ചലുകളോ ചിരിയോ ഒന്നുമില്ല
എന്നോരാവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പറ്റുമോ?
എത്രയോ ഭയാനകമാണ് ഈ അവസ്ഥ അല്ലേ ?നമ്മുടെ കൊച്ചു കേരളത്തിലെ കാസര്‍ഗോഡ്
ജീല്ലയിലെ പതിനൊന്നോളം പഞ്ചായത്തിലെ ജനങ്ങളുടെ അവസ്ഥ ഇതാണ് . കളിയും
ചിരിയും നിന്നുപോയ ബാല്യങ്ങള്‍ ,അവര്‍ക്കുമുന്നില്‍ നിസ്സഹായരായി
നില്‍ക്കുന്ന മാതാ പിതാക്കള്‍ ..ജനിക്കുന്ന കുട്ടികള്‍ക്ക്  ബുദ്ധിപരവും
ശാരീരികവുമായ വൈകല്യങ്ങള്‍,മാരകമായ ക്യാന്‍സര്‍ ബാധകള്‍ ഒരു നാടിനെ
മുഴുവന്‍ ദുരിതത്തിലാഴ്ത്തി  പത്ര ദൃശ്യമാധ്യമങ്ങള്‍ വഴി നിറഞ്ഞുനിന്ന
നമ്മുടെ സഹോദരങ്ങളൂടെ ആ മുഖങ്ങള്‍ ഏതൊരു മനുഷ്യന്റെയും
കരളലിയിപ്പിക്കുന്നതാണ്‍.
കാസര്‍ഗോഡ്  ജില്ലയില്‍  ചില ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ എണ്‍പതുകളുടെ
തുടക്കത്തിലാണ് എണ്‍ഡോസള്‍ഫാന്റെ  ഭവിഷ്യത്തിലേക്ക്  പത്രമാധ്യമങ്ങള്‍ ഈ
നാട്ടിലെ ജനതയുടെ ശ്രദ്ധക്ഷണിച്ചത്.  എന്നിട്ടും   ഇരുപത്തി മൂന്ന്
വര്‍ഷക്കാലം കേരളസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്ളാന്‍റേഷന്‍
കോര്‍പ്പറേഷന്‍ ഓഫ് കേരള  ഒരു ജില്ലയിലെ മുഴുവന്‍ ജനതയെയും
മാറാരോഗങ്ങളീലേക്ക് തള്ളിവിടാന്‍ കെല്‍പ്പുള്ള ആ വിഷം പച്ചപട്ട്
വിരിച്ചിരിക്കുന്ന കാസര്‍ഗോഡ് ജില്ലയുടെ ആകാശത്തു നിന്നും മഴകണക്കെ
സ്പ്രേ  ചെയ്തു..5 മില്ലീലിറ്റര്‍ നമ്മുടെ ശരീരത്തിന്റെ  ഉള്ളില്‍
ചെന്നാല്‍ ഒരുമനുഷ്യ ജീവെനെടുക്കാന്‍ കെല്‍പ്പുള്ള ആ കൊടും വിഷം
കാസര്‍ഗോട്ടെ ജലാശയങ്ങള്‍ മുഖേനയും അന്തരീക്ഷം വഴിയും ജനങ്ങളുടെ
ശരീരത്തില്‍ എത്തുകയും മാരകമായ പലരോഗങ്ങള്‍ക്കും ഈ നാട്ടിലെ പാവം ജനത
അടിമ പ്പെടുകയും ചെയ്തു തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ജനിതക
വൈകല്യങ്ങള്‍ പടരുക വഴി ഒരു സമൂഹത്തിനെ,വീടിന്റെ ഭാവിയെ
തല്ലികെടുത്തുകയാണ്  ചെയ്യുന്നത്.ഇത് വരെ കാസര്‍ഗോട്ടിലെ
കൃഷിക്കാരോ,ജനങ്ങളോ ആരും കാണാത്ത തേയില കൊതുകിനെ നിവാരണം ചെയ്യാന്‍ ആണീ
ചെയ്ത്ത് എന്നാണ് സംസ്ഥാന പ്ളാന്‍റേഷന്‍ കോര്‍പ്പറേഷനിലെ മനുഷ്യതീനികളൂടേ
ഭാഷ്യം.ജില്ലയില്‍ എണ്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് തുടങ്ങിയ ആദ്യകാലങ്ങളില്‍
തന്നെ ആ പ്രദേശങ്ങളിലെ സസ്യ പക്ഷി മൃഗാതികളൂടെ  നാശം തുടങ്ങിയതായി  ഈ
നാട്ടിലെ കര്‍ഷകര്‍  ബന്ധപ്പെട്ട അധികാരികളൂടെ ശ്രദ്ധയില്‍
പ്പെടുത്തിയെങ്കിലും ആ പാവങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു.
1997ഇല്‍
ഡോക്ടര്‍ മോഹന്‍ കുമാര്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശ്രദ്ധയില്‍ പ്പെടുത്തി  എങ്കിലും ഫലം
മുന്നത്തേത് തന്നെയായിരുന്നു .2001ഇല്‍ സി.എസ്.ഇ  നടത്തിയ പഠനത്തില്‍
കാസര്‍ഗോട്ടെ മണ്ണിലും ജലത്തിലും അളവില്‍ കൂടുതല്‍ ജലാംശം ഉണ്ടെന്ന്‍
തെളിയുകയും ഇത് ഒരു വിവാദത്തിന്‍ തിരികൊളുത്തുകയും  അത് കൂടുതല്‍
പഠനങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.ദരിദ്രരും സമൂഹത്തില്‍ പിന്നോക്കം
നീക്കുന്നവരുമായ പാവപ്പെട്ട കര്‍ഷകരെയും നാട്ടുകാരെയും പി.സി.കെ
ഉദ്യോഗസ്ഥര്‍ ഭീഷണി പ്പെടുത്തിയ മൂലം ജനങ്ങള്‍ തങ്ങളൂടെ ദുരിതങ്ങള്‍
പുറത്ത് പറയാന്‍ മടിച്ചിരുന്നു.ദൈവത്തിന്റെ സ്വന്തം നാടായ കേരളം
അക്ഷരാര്‍ത്ഥത്തില്‍  തരിച്ചു പോയ വാര്‍ത്തകളാണ് പിന്നീട്
മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞത് .ഖദരിട്ട രാഷ്ട്രീയ നഭുംസകങ്ങളൂടേ
പിന്തുണയുള്ള പി.സി.കെയിലെ ഉദ്യോഗസ്ഥരുടെ ഭീഷണിയിലും
പ്രലോഭനങ്ങളിലും തളരാതെ മുന്നോട്ട് പോയ ലീലാകുമാരിയമ്മയെപോലുള്ള  മനുഷ്യ
സ്നേഹികള്‍ കേരളത്തെ മുഴുവന്‍ എണ്‍ഡോസള്‍ഫാന്‍ വിഷയത്തിലേക്ക്
ശ്രദ്ധതിരിപ്പിച്ചു.പക്ഷേ അധികാര വര്‍ഗ്ഗം എന്നും എണ്‍ഡോസള്‍ഫാന്‍
ലോബിക്കൊപ്പമായിരുന്നു.മരിച്ചുവീഴുന്ന അല്ലെങ്കില്‍ മരിച്ചു കൊണ്ട്
ജീവിക്കുന്ന ആ പാവങ്ങളൂടെ ജീവനു അവര്‍ വിലകല്‍പ്പിച്ചതേയില്ല. യൂറോപ്യന്‍ യൂണിയന്‍ , നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ , പടിഞ്ഞാറന്‍
ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ  എഴുപത്തിമൂന്നിലധികം
രാജ്യങ്ങളില്‍ എണ്‍ഡോസള്‍ഫാന്‍ ഇതിനകം നിരോധിച്ചു
കഴിഞ്ഞു.എന്‍റോസള്‍ഫാന്‍റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്താവ്
ഇന്ത്യയാണ്.2010 ഇല്‍  ജനീവയില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യയും
എണ്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളും ഈ വിഷം നിരോധിക്കേണ്ടത്തില്ല
എന്നനിലപാടാണ് സ്വീകരിച്ചത് .ബ്രസീല്‍ ,ജപ്പാന്‍ , അമേരിക്ക തുടങ്ങിയ
രാജ്യങ്ങള്‍ എന്‍റോസള്‍ഫാന്‍ നിരോധനവും അത് പ്രായോഗികമാക്കിയ രീതിയും
വളരെ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു .ഇതിനിടയില്‍ ആസ്ട്രേലിയയും ഈ
മാരക വിഷത്തെ നിരോധിച്ചു.അവര്‍ ആസ്ട്രേലിയയില്‍  എണ്‍ഡോസള്‍ഫാന്‍റെ
നിരോധനത്തിനായി നടന്ന സമരങ്ങളും ജനങ്ങളെ അതിന്റെ ഭവിഷത്തുകള്‍
മനസ്സിലാക്കി കൊടുക്കുന്നതിനായി കാസര്‍ഗോട്ടെ മൂളിയാറിലും,എന്‍ മകജെയിലും
എത്തി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളെ പറ്റിയും വിശദമായി
അവതരിപ്പിച്ചിട്ടും , എന്‍റോസള്‍ഫാന്‍ കീടനാശിനി നിരോധിക്കുന്ന
കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവിശ്യമാണെന്നും ,മനുഷ്യനില്‍
എണ്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇത് വരെ
കണ്ടെത്താനായിട്ടില്ല,എന്നുമായിരുന്നു ഇന്ത്യാ ഗവണ്‍മെന്‍റിന്റെ
നിലപാട് .ജനീവയില്‍ നടന്ന ചര്‍ച്ചകളില്‍ എല്ലാം തന്നെ എണ്‍ഡോസള്‍ഫാന്‍
വിഷമല്ലെന്നും ഒരു ഗ്ളാസ് പാലുകഴിച്ചാല്‍ ആളുകള്‍ മരിക്കാന്‍
സാധ്യതയുള്ളത് പോലെ മാത്രമുള്ള സാധ്യതയേ എണ്‍ഡോസള്‍ഫാന്‍ കൊണ്ടുള്ളൂ
എന്നുള്ള എന്‍റോസള്‍ഫാന്‍ പ്രതിനിധിയുടെ ജല്‍പനങ്ങള്‍ക്ക് ഇന്ത്യന്‍
പ്രതിനിധികള്‍ പിന്തുണച്ചു വെന്നും ഇന്ത്യയിലെ കൃഷിക്കാര്‍
വിദ്യാഭ്യാസമില്ലാത്തവരാണെന്നും അത് കോണ്ട് തന്നെ കൃഷി മുന്നോട്ട്
പോകണമെങ്കില്‍ എന്‍റോസള്‍ഫാന്‍ കൂടിയേ തീരൂ എന്നും ഇന്ത്യയുടേ കാര്‍ഷിക
വകുപ്പിലെ പ്രതിനിധി വന്ദനാജെയ്നിന്‍റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ആ
സഭയയില്‍ ഞെട്ടല്‍ ഉളവാക്കീ എന്നും മാതൃ ഭൂമി ആഴ്ചപതിപ്പിലെ ഒരു
ലേഖനത്തില്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സി .ജയകുമാര്‍
സാക്ഷ്യപ്പെടുത്തുന്നു.നിക്ഷ്പക്ഷമായി നടത്തിയ ഒട്ടനവധി പഠനങ്ങളില്‍
എന്‍ടോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ ദൂഷ്യങ്ങള്‍ ലോകത്തിന് മുഴുവന്‍
മനസ്സിലായിട്ടും,കീടനാശിനി ലോബിയുടെ ദല്ലാളായി വന്ന്‍ ഒരിക്കല്‍
എന്‍റോസള്‍ഫാണ് അനുകൂലമായ വിധി എഴുതിയ അതേ മഹാനേ ചെയര്‍മാനാക്കി കൊണ്ട്
പുതിയ ഒരു സംഘം കൂടി പഠനം നടത്താന്‍ വരുന്നു അത്രേ.ഒരു പാടുതവണ
മാധ്യമങ്ങളൂടേയും,പഠന സംഘങ്ങളൂടേയും മുന്നില്‍ പ്രദര്‍ശന വസ്തു കണക്കെ
നില്‍ക്കേണ്ടി വന്ന ആ പാവം ജനങ്ങളെ ഇനീയും പരിഹസിക്കാനാണോ ഒരു പഠനം
കൂടി.അതോ നക്ഷത്ര ഹോട്ടലുകളീല്‍ താമസിച്ച് ദൈവത്തിന്റെ സ്വന്തം
നാട്ടിലേക്ക് ഒരു ഉല്ലാസയാത്ര നടത്താനോ.ഒടുവില്‍ ഖദറിന്റെ മറവിലെ ഒരു
എന്‍റോസള്‍ഫാന്‍  ദല്ലാളെ കൂടി നമ്മള്‍ കണ്ടു.ജനങ്ങള്‍ക്ക് വേണ്ടി
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട  മഹാനായ കേന്ദ്രമന്ത്രി കെ.വി തോമസ്..
ബഹുമാന പ്പെട്ട മന്ത്രി ഒരു പക്ഷേ മന്ത്രിമാളികകളില്‍ ഇരിക്കുമ്പോള്‍ ഈ
പാവങ്ങളെ മനസ്സിലാക്കാന്‍ സമയമില്ലായിരിക്കാം അങ്ങേക്ക്..പക്ഷേ
മനുഷ്യനില്‍ ഇത് മാരക രോഗങ്ങള്‍ വരുത്തുന്നതിന് തെളിവില്ല എന്ന
പ്രസ്താവനകൊണ്ട് അങ്ങ് എന്താണ്‍ ഉദ്ദേശിച്ചത്.താങ്കളൂടെ  സംശയം
ദൂരീകരിക്കാന്‍   അങ്ങയെ നിയന്ത്രിക്കുന്ന എന്‍റോസള്‍ഫാന്‍ കമ്പനിക്കാര്‍
പറയുന്ന പോലെ പാലിന്റെ അത്ര മാത്രം വിഷാംശമുള്ള ഈ കീടനാശിനി നമുക്ക്
ജനസേവകനായ അങ്ങില്‍ തന്നെ പ്രയോഗിച്ച് നോക്കിയാലോ.
ഇന്ന്‍ കാസര്‍ഗോട്ടെ പച്ചവിരിച്ച് നില്‍ക്കുന്ന കൃഷിയിടങ്ങള്‍ക്ക്
മുകളില്‍ കിളികളും ചിത്ര ശലഭങ്ങളും എത്തി തുടങ്ങി.. ഈ മാരക രോഗങ്ങളില്‍
നിന്ന്‍ മുക്തി നേടിയ ഒരു പുതിയ തലമുറക്കായ്  നമുക്ക് പ്രാര്‍ത്ഥിക്കാം
സ്വപ്നം കാണാം
കടപ്പാട് 
http://paadheyam.com/masika/article/endosulfan
BY : HARI MATHILAKAM