ഇത്തരത്തിലൊരു സംഗതിയെ സ്വന്തമാക്കുമ്പോള്‍ നിയമപ്രകാരം പരസ്യം നല്‍കണമെന്നതിനാലാവണം ഇന്നലത്തെ മാതൃഭൂമിയുടെ ബാക്പേജിന്റെ മൂലയ്ക്ക് ഒരു പരസ്യം നല്‍കിയിട്ടുണ്ട്. ലോകമെങ്ങുമുള്ള ടിന്റുമോന്‍ ഫാന്‍സിനായി ആ പരസ്യം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. ഇത് ടിന്റുമോന്‍ ട്രേഡ്മാര്‍ക്ക് ലംഘനമാകില്ലെന്നു ഞാന്‍ പ്രത്യാശിക്കുന്നു. ഈശ്വരാ കാത്തോളണേ, വക്കീലന്‍മാരോടാണ് കളി !
ഈ പരസ്യത്തില്‍ പറയുന്നതനുസരിച്ച് ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിലുള്ള എംഎസ് ഒാഡിയോസ് ആന്‍ഡ് വിഡിയോസ് ആണ് ടിന്റുമോന്‍ എന്ന പേരിന്റെയും ഒറ്റക്കണ്ണിലേക്കു മുടി വീണുകിടക്കുന്ന ചിത്രത്തിന്റേയും നിയമപ്രകാരമുള്ള അംഗീകൃത ഉടമകള്‍. മൂന്നുവര്‍ഷത്തിനു മേലെയായി അനേകം ടിന്റുമോന്‍മാരെ വരച്ചും ഡിസൈന്‍ ചെയ്തും ലക്ഷക്കണക്കിനു തമാശകള്‍ എസ്എംഎസ് വഴി പ്രചരിപ്പിച്ചും ടിന്റുമോന്‍ എന്ന ബ്രാന്‍ഡിനെ പടുത്തുയര്‍ത്തിയ കച്ചവടലക്ഷ്യങ്ങളില്ലാത്ത ബാക്കി കംപ്ലീറ്റ് മലയാളികളെയും ഇത്തരുണത്തില്‍ ഊ… ഞ്ഞാലാട്ടിക്കൊണ്ട് ഈ ഓണക്കാലത്തെ പുട്ടുകച്ചവടം എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിന്റെ വക.
എംഎസ്എസ് വഴി താരമായ ടിന്റുമോന്റെ അവകാശം എങ്ങനെ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിന്റെ കയ്യിലെത്തും ? ടിന്റുമോനെ നായകനാക്കി ലോകത്തെ ആദ്യ എസ്എംഎസ് കംപോസ് ചെയ്തത് എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ആണോ ? അങ്ങനെയാണെങ്കിലും പരസ്യത്തില്‍ കാണിച്ചിരിക്കുന്ന മാതിരി ഒറ്റക്കണ്ണില്‍ മുടി വീണുകിടക്കുന്ന ഈ രൂപം ആരുടേതാണ് ? ടിന്‍റുമോന്‍ എന്ന പേര്, ലോഗോ, ഡിസൈന്‍, ചിത്രം തുടങ്ങി കംപ്ലീറ്റും ഇനി ഇവരുടേതാണത്രേ. തുടര്‍ന്നുള്ള മുന്നറിയിപ്പു പ്രകാരം ടിന്റുമോന്‍ എന്ന പേര് കളിയായോ കാര്യമായോ ഉപയോഗിക്കുന്നവര്‍ ആരായാലും അതിന്റെ ഉടമകളായ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ചേട്ടന്‍മാരുടെ അപ്രീതി സമ്പാദിക്കുകയും തദ്വാരാ അകത്തുപോവുകയും ചെയ്യും. ഫീകരം തന്നെ !
ഇപ്പം കൂടുതല്‍ കണ്‍ഫ്യൂഷനായി. അതായത് ഗഫൂര്‍ക്കയ്ക്ക് നേരത്തെ കോപിറൈറ്റ് കിട്ടിയ ടിന്റുമോനെ ഗഫൂര്‍ക്ക അറിയാതെ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിനു മറിച്ചുകൊടുക്കാനാണോ കോപിറൈറ്റുകാരുടെ ശ്രമം ? അതോ, ഗഫൂര്‍ക്ക ചുമ്മാ തല്‍പരകക്ഷികളെ വിരട്ടാന്‍ പരസ്യം കൊടുത്തതാണോ ? അങ്ങനെയാണെങ്കില്‍ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് പരസ്യം കൊടുത്ത ഗഫൂര്‍ക്ക അകത്തുപോവില്ലേ ? ഇനിയിപ്പോള്‍ ഗഫൂര്‍ക്കയാണ് സത്യം പറയുന്നതെങ്കില്‍ മുകളിലത്തെ പരസ്യം കൊടുത്ത എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസുകാരും അവരുടെ വക്കീലന്‍മാരും പെരുങ്കള്ളന്‍മാരായില്ലേ ? എന്തെങ്കിലുമൊക്കെ തമാശയുണ്ടാക്കാമെന്നു കരുതി ടിന്റുമോനെ വളര്‍ത്തിക്കൊണ്ടുവന്ന സാധാരണക്കാരായ പതിനായിരക്കണക്കിനു തല്‍പരകക്ഷികള്‍ ആരായി ? അതൊക്കെ പോട്ടെ, വര്‍ഷങ്ങള്‍ക്കു മുമ്പ് സൃഷ്ടിച്ച് ഒളിപ്പിച്ചു വച്ചിരുന്ന ടിന്റുമോനെ പിന്നെ ആരാണ് പബ്ളിക്കാക്കിയത് ? മോനിത്ര ഫെയ്മസ് ആകുന്നിടം വരെ അതിന്റെ സൃഷ്ടാക്കള്‍ കോപിറൈറ്റ് എടുക്കാന്‍ മറന്നുപോയതെന്തുകൊണ്ടാണ് ?
എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിനും ഗഫൂര്‍ക്കയ്ക്കും അവകാശമുണ്ടെന്ന് അവകാശപ്പെടുന്ന ടിന്റുമോനെ ഇതിനെക്കാള്‍ വൃത്തിയായി ഞാന്‍ കണ്ടിട്ടുള്ളത് ടിന്റുമോന്‍ ഡോട് കോം എന്ന വെബ്സൈറ്റിലാണ്. ഈ അവകാശവാദത്തില്‍ എടപെടും എന്ന് ടിന്‍റുമോന്‍ ഡോട് കോംകാരും പറഞ്ഞിരിക്കുന്നു. ലോകത്ത് മസാല്‍ദസകളായ പെണ്ണുങ്ങള്‍ക്കു വേണ്ടി ഇങ്ങനെ ചില പോരാട്ടങ്ങള്‍ നടന്നതായി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ ഒരു ഓപ്പണ്‍ സോഴ്സ് സൂപ്പര്‍ സ്റ്റാറിനു വേണ്ടി ഇവിടെ ഘോരഘോരയുദ്ധം നടക്കാന്‍ പോകുന്നു. ടിന്റുമോനെ ഒരു സംഭവമാക്കാന്‍ വേണ്ടി അധ്വാനിച്ചത് എന്തൊക്കെ പറഞ്ഞാലും ഈ പറഞ്ഞ പൊന്നുമോന്‍മാരാരുമല്ല. അത് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കള്ളുഷാപ്പിന്റെ മുറ്റത്തും കലുങ്കിന്റെ മുകളിലുമൊക്കെയിരുന്ന് ഓരോ കോമഡി ടിന്റുമോന്റെ പേരിലാരോപിച്ചും നമ്പൂരി-സര്‍ദാര്‍ജി ഫലിതങ്ങളൊക്കെയും ടിന്റുമോന്റെ പേരില്‍ പ്രചരിപ്പിച്ചും ആ ബ്രാന്‍ഡ് എസ്റ്റാബ്ലിഷ് ചെയ്ത പതിനായിരക്കണക്കിനു സാധാരണക്കാരാണ്. അങ്ങനെയുളള ടിന്റുമോന്റെ മേല്‍ ആര്‍ക്കാണ് അവകാശം ? അങ്ങനെ ആരെങ്കിലും അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ടിന്റുമോന്‍ കൂടെപ്പോകുമോ ?
എന്തായാലും ടിന്റുമോന്‍ കോടതി കയറുമെന്നുറപ്പായി. മോന്റെ കോപ്പിറൈറ്റ് എടുത്ത് ആനിമേഷന്‍ സിഡി ഉണ്ടാക്കി വിറ്റ് കംപ്ലീറ്റ് മലയാളികളെയും വിഡ്ഡികളാക്കാമെന്നുള്ളത് അതിമോഹമാണെന്നാണ് എനിക്കു തോന്നുന്നത്. ഒരു നിയമയുദ്ധം നടത്തി ആരെങ്കിലും ടിന്റുമോനെ സ്വന്തമാക്കുന്നു എന്നു കരുതുക. അടുത്ത ദിവസം തന്നെ ടിന്റുമോനെ മറ്റാരെങ്കിലും സ്വപ്നം കാണുന്നതിനു പോലും വിലക്കു വരും. വിലക്കപ്പെട്ട ടിന്റുമോനെ ആര്‍ക്കു വേണം ? ജനകീയ പിന്തുണ ഒന്നു മാത്രമാണ് ടിന്റുമോന്റെ ശക്തി. അതില്ലാതായാല്‍ ടിന്റുമോനും ഇല്ലാതാവും. ടിന്റുമോന്റെ സ്വതന്ത്ര ഉപയോഗം തടഞ്ഞുകൊണ്ട് സ്വകാര്യസ്വത്തായി മോനെ വിറ്റുകാശാക്കാമെന്നത് ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമാണ്. ടിന്റുമോനെ സ്വന്തമാക്കുക എന്നു വച്ചാല്‍ ടിന്റുമോനെ ഇല്ലാതാക്കുക എന്നാണ് അര്‍ഥം. അതുകൊണ്ട് വാശിയോടെ കോപിറൈറ്റിനു ശ്രമിക്കുന്ന തല്‍പരകക്ഷികള്‍ തണുത്ത വെള്ളത്തില്‍ കുളിച്ചതിനു ശേഷം ആലോചിക്കുക, ആ ചെറുക്കന്‍ ഫ്രീയായി നടക്കുന്നത് കാണണോ അതോ അവന്റെ പൊക കാണണോ ?
ഞങ്ങള്‍ക്കു കിട്ടാത്ത ടിന്റുമോനെ ആരും ഉപയോഗിക്കേണ്ട എന്ന ലൈനാണെങ്കില്‍ ഇന്നു മുതല്‍ ടിന്റുമോന്‍ എന്ന പേര് ദിവസം നൂറുവട്ടം വീതം ഉപയോഗിക്കാനാണ് എന്റെ തീരുമാനം. അല്ലെങ്കിലും ഇതിനൊക്കെയുള്ള മറുപടി ടിന്റുമോന്‍ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്- ടിന്റുമോനോടാ കളി !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ