2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം

കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് , രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ‍ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്...മുനവരിന്റെ ലീവ് സാലരിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു... നാട്ടില്‍ പോകുന്നതിന്റെ ആഹ്ലാദത്തില്‍ തന്നെ ആയിരുന്നു മുനവര്‍ .


കാഴ്ചയില്‍ യാതൊരു രോഗ ലക്ഷണങ്ങളും അയാളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.. ഏകദേശം പത്തു വര്‍ഷമായി മുനവരിനെ എനിക്ക് അറിയാമായിരുന്നു..ഞാന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ദിവസം ആദ്യമായി കണ്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുനവര്‍... ഫ്രഞ്ച് താടി ഒക്കെ വെച്ച് ഓഫ്സിലേക്ക് കയറി വന്ന അയാളോട് ശുഭദിനം ആശംസിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ അയാള്‍ അവിടുത്തെ ടീ ബോയ്‌ ആണെന്ന് കരുതിയില്ല.. പിന്നെ കുറച്ചു സമയത്തിന് ശേഷം ചായയുമായി വന്നപ്പോള്‍ മാത്രമാണ് ആളെ മനസിലായത്....കടിനാധ്വാനി ആയിരുന്നു മുനവര്‍...പതിയെ അയാള്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് കടന്നു...നല്ല ആകാരഭംഗിയും ആകര്‍ഷകമായി പെരുമാറാനുള്ള കഴിവും പിന്നെ അറബി സംസാരിക്കാനുള്ള കഴിവും.....അതായിരുന്നു അയാളുടെ മുതല്‍ക്കൂട്ട്..


എന്റെ കാബിനിലെ ഫാമിലി ഫോട്ടോ കാണുമ്പോഴൊക്കെ മുനവര്‍ പറയുമായിരുന്നു...തന്റെ ജാസ്മിനെ പറ്റി...അബ്ബായെ തിരിച്ചുപോകാന്‍ സമ്മതിക്കാത്ത കുസൃതിക്കാരിയെപ്പറ്റി.....അപ്പോള്‍ ഞാന്‍ കളിയായി ചോദിക്കും...ജാസ്മിനാണോ ജമീല ആണോ തിരിച്ചുപോകാന്‍ സമ്മതിക്കാത്തത് എന്ന്.....മുനവര്‍ വെറുതെ ചിരിക്കും....വീണ്ടും മാസങ്ങള്‍ എത്ര ബാകി ഉണ്ട് എന്ന് പറയും.


ആശുപത്രിയില്‍ നിന്ന് വന്ന ഡ്രൈവര്‍ പറഞ്ഞത് അത്ര നല്ല വാര്‍ത്ത ആയിരുന്നില്ല...... മുനവറിനെ ഐ സി യുവില്‍ ആക്കിയത്രേ...ആശുപത്രിയില്‍ ചെന്നപോഴേക്കും അയാളുടെ സ്ഥിതി വഷളായി എന്നും അബോധാവസ്ഥയില്‍ ആയിരുന്നു വണ്ടിയില്‍ നിന്നും ഇറക്കിയത് എന്നും അയാള്‍ പറഞ്ഞു...രണ്ടു ദിവസത്തിന് ശേഷമേ എന്തെകിലും പറയാന്‍ പറ്റു എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന് കേട്ടപോള്‍ സത്യത്തില്‍ വിഷമം തോന്നി...ഇതാണ് ഗള്‍ഫ് ജീവിതം...ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല..... അത്യാഹിതങ്ങള്‍ക്ക് കാലവും സമയവും ഇല്ല....ഒരാഴ്ചക്ക് ശേഷവും മുനവരിനെ കാണാന്‍ പോകഞ്ഞതില്‍ എനിക്ക് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു....


പത്തു വര്‍ഷമായി പരിചയം ഉണടയിട്ടും ഇങ്ങനത്തെ അവസ്ഥയില്‍ ഒന്ന് പോയി കാണാന്‍ സാധിക്കാത്തതില്‍ ഞാന്‍ എന്നെ തന്നെ പഴിച്ചു...അത്ര മാത്രം തിരക്കായിരുന്നു എന്നതായിരുന്നു വാസ്തവം...കമ്പനി ഡ്രൈവര്‍ മാത്രമായിരുന്നു ഒന്നോ രണ്ടോ തവണ കാണാന്‍ പോയത്...സഹതാപ വാക്കുകള്‍ പറയാന്‍ എന്നാല്‍ എല്ലാവരും ഉണ്ടായിരുന്നു.. മുനവരിന്റെ സഹോദരന്‍ എല്ലാ ദിവസവും വൈകുന്നേരം ആശുപത്രിയില്‍ ചെല്ലും എന്ന് കമ്പനി ഡ്രൈവര്‍ പറഞ്ഞു....നാട്ടില്‍ വിവരം അറിയിച്ചു എന്നും വെന്റിലെട്ടരിന്റെ സഹായത്താല്‍ ആണ് ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതെന്നും അയാള്‍ പറഞ്ഞു..ഇനി ഒന്നും ചെയ്യാനില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു എന്നും കൂടി അയാള്‍ പറഞ്ഞപോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ജാസ്മിനെ ഓര്‍ത്തു..... മുനവരിന്റെ സൂപ്പര്‍ വൈസരുടെ ആശയം ആയിരുന്നു നാട്ടിലേക്കു കയട്ടിവിടുന്നതയിരിക്കും നല്ലത് എന്നത്..എന്നാല്‍ ഈ സ്ഥിതിയില്‍ നാട്ടിലേക്കു പോയിട്ട് എന്ത് എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല... ഒരു ഭീമമായ തുക അതിലേക്കു വേണ്ടി വരും എങ്കിലും കമ്പനി അധികൃതര്‍ അതിനു സമ്മതിച്ചു...അതിനുള്ള കടലാസുകള്‍ വേഗം നീങ്ങി.....പക്ഷെ നാട്ടില്‍ നിന്നുള്ള പ്രതികരണം ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല...മുനവരിനെ കൊണ്ടുപോരണ്ട എന്നായിരുന്നു അവരുടെ നിലപാട് എന്ന് അറിഞ്ഞത് എനിക്ക് ഒട്ടും തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല........കാരണം ഞാന്‍ മുനവരില്‍ കൂടി കണ്ട ജാസ്മിന്റെയും ജമീലയുടെയും മുഖങ്ങള്‍ അങ്ങനെ പറയുന്നവര്‍ ആയിരുന്നില്ല....ചിലപ്പോള്‍ മുനവരിന്റെ ചികിത്സ ചെലവ് അവര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരിക്കും.....അല്ലെകില്‍ മരണശേഷം ഇന്‍ഷുറന്‍സ് വകയില്‍ ലഭിച്ചേക്കാവുന്ന ഒരു തുക ആയിരിക്കാം ആശ എല്ലാം നശിച്ച ആ കുടുംബതെകൊണ്ട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്..


അന്ന് വൈകുന്നേരം ഓഫീസില്‍ ലേറ്റായി ഇരുന്നു ജോലി ചെയ്യവേ ആയിരുന്നു മുനവരിന്റെ ഫയല്‍ വീണ്ടും എന്റെ അടുത്ത് എത്തിയത്...മുനവര്‍ ആശുപത്രിയില്‍ ആയിട്ടു അന്ന് ഇരുപതു ദിവസം പിന്നിട്ടിരുന്നു....നാളെ എന്തായാലും പോയി കാണണം എന്ന് ഞാന്‍ ഉറപ്പിച്ചു... ഇനി ജീവനോടെ കാണാന്‍ പറ്റിയില്ലെങ്കിലോ ..അതോര്‍ത്തപ്പോള്‍ എന്തോ പോലെ....ഞാന്‍ ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി എന്ന് എനിക്ക് തോന്നി...വായില്‍ വീണ്ടും വീണ്ടും ഉമിനീര് നിരയുന്നപോലെ...ഇടതു കൈക്ക് ചെറിയ വേദന ഉണ്ടോ..ഒരു സംശയം..എണീറ്റ്‌ നിന്നിട്ട് ഒരു ബലക്കുറവു പോലെ..എന്ത് ചെയ്യണം എന്ന് തോന്നുന്നില്ല...ആരെ വിളിക്കണം? ഞാന്‍ മരിക്കുക്കയാണോ ? അമ്മെ എന്ന് ഞാന്‍ വിളിച്ചോ? ..ഫോണ്‍ എടുത്തു കമ്പനിയില്‍ തന്നെ ഉള്ള മെയില്‍ നേഴ്സിനെ ഉടനെ വരാന്‍ വിളിച്ചത് നല്ല ഓര്‍മയുണ്ട്...അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിക്കാന്‍ മറന്നില്ല....അമ്മയെ ഞാന്‍ ഓര്‍ത്തു....കുഞ്ഞുങ്ങളെയും....മനസ് എവിടെ ഒക്കെയോ എത്തി...മരണം ഭയം എനിക്ക് തോന്നിയില്ല....മെയില്‍ നേഴ്സ് ഉടനെ എത്തി...പ്രഷര്‍ ,ഷുഗര്‍ എല്ലാം നോക്കി....ബി .പി കൂടിയിരിക്കുന്നു..പ്രവാസ ജീവിതത്തിന്റെ സംബദ്യങ്ങളിലേക്ക് ഒന്ന് കൂടി...രോഗങ്ങള്‍.. .എന്തോ മരുന്ന് നല്‍കി...പതിനഞ്ചു നിമിഷങ്ങള്‍ക്ക് ശേഷം വീണ്ടും നോക്കിയപോള്‍ പ്രഷര്‍ കുറഞ്ഞിരിക്കുന്നു...സ്‌ട്രെസ് ആയിരിക്കും എന്ന് അയാള്‍ പറഞ്ഞു...പേടിക്കാന്‍ ഒന്നും ഇല്ല എന്നും..വേണമെകില്‍ ആശുപത്രിയില്‍ പോയി ഇ സി ജി എടുക്കാം എന്ന് അയാള്‍ പറഞ്ഞു..അരമണിക്കൂര്‍ നോക്കിയിട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞു അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും ചില മരുന്നുകള്‍ കൂടി...പിന്നെ എല്ലാം ശാന്തം..വണ്ടി കമ്പനിയില്‍ തന്നെ ഇട്ടു ഞാന്‍ ഒരു ടാക്സിയില്‍ വീട്ടില്‍ എത്തി..വീട്ടില്‍ ഒന്നും പറയണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു...അടുത്ത ദിവസം തന്നെ മുനവറിനെ പോയി കാണണമെന്നും..

പതിന്നാലാം വാര്‍ഡില്‍ ആയിരുന്നു മുനവര്‍..... കാണാന്‍ ചെന്നപോള്‍ മുനവര്‍ ഒരു വശത്തേക്ക് തല ചരിച്ചു കിടക്കുകയായിര്‍ന്നു...മൂക്കിലും തൊണ്ടയിലും ട്യുബുകള്‍ ഇട്ടിരുന്നു...ഹൃദയഭാഗത്തുനിന്നും മറ്റു ചില വയറുകള്‍ ഒരു മോനിടരില്‍ ഖടിപ്പിച്ചിരുന്നു .... മുനവര്‍ എന്നെ ഒന്ന് നോക്കി..ഞാന്‍ വിളിച്ചു...മുന്വര്‍ഭായ് ..പെഹചാന ? മുനവര്‍ എന്നെ തന്നെ കുറെ നേരം നോക്കി കിടന്നു...ഒരു കാല്‍ അല്പം ഒന്ന് ഇളക്കി..എന്നെ മനസ്സിലയതാണോ ഞാന്‍


വീണ്ടുംചോദിച്ചു..പെഹചാനഭായ്സാബ്?മുനവര്‍കണ്ണടച്ച്തുറന്നു.. ...മനസിലായെന്നോ..ഇല്ലെന്നോ... പഴയ മുനവരിന്റെ ഒരു നിഴല്‍ ആയിരുന്നു അവിടെ ഞാന്‍ കണ്ടത്...മുടി ചെറുതായി നരച്ചിരുന്നു...ഒരു കണ്ണ് പകുതി അടഞ്ഞിരുന്നു......ദയനീയമായ ഒരു ഭാവം ഞാന്‍ ആ മുഖത്ത് വായിച്ചു..എന്നും ക്ലീന്‍ ഷേവ് ചെയ്തു ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ ധരിച്ച ആ ചുറു ചുറുക്കുള്ള മനുഷ്യന്‍ എവിടെ..മരണം വാതില്‍ക്കല്‍ വന്നു കാത്തു കിടക്കുന്ന ഈ മനുഷ്യന്‍ എവിടെ..

ആ ദയനീയ നോട്ടം അധികനേരം താങ്ങാന്‍ എനിക്ക് സാധിച്ചില്ല...യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഇനിയും കാണാം എന്ന് പറയാന്‍ ഞാന്‍ മറന്നില്ല..

മുനവരിന്റെ നാടിലേക്ക് ഇനി സ്ട്രെചെര്‍ കൊണ്ടുപോകാന്‍ കൊണ്ടുപോകാന്‍ ഉള്ള ടിക്കറ്റ് പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം മാത്രമേഉള്ളു എന്ന് ട്രാവല്‍ എജെന്‍സിയില്‍ നിന്നും വിളിച്ചറിയിച്ചപ്പോള്‍ ഞാന്‍ ഒന്നോര്‍ത്തു...ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം എത്രയാണ് ?
http://www.koottam.com/profiles/blogs/784240:BlogPost:24582919

2010 ഒക്‌ടോബർ 3, ഞായറാഴ്‌ച

ഭര്‍ത്താവിന്റെ വീ‍ട്ടുകാരെ കുറ്റം പറയരുത്!!!

എന്താ ? തലക്കെട്ടുകണ്ടപ്പോള്‍ വല്ലതും തോന്നിയോ ? വിവാഹിതരാണ് ഇത് വായിക്കുന്നതെങ്കില്‍ അവര്‍ക്ക് കാര്യം
മനസ്സിലായിട്ടുണ്ടായിരിക്കും . അതിനാല്‍ അല്ലാത്തവര്‍ക്കുവേണ്ടി ഞാന്‍ ഒന്നു പോസ്റ്റട്ടെ.
വിവാഹം കഴിയുന്നതോടെയാണ് ഈ ‘സംഗതി’ ഉണ്ടാവുക. വിവാഹിതയായ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്ന്
ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷം പറയും . അത് അറിയുവാന്‍ പെണ്‍‌വീട്ടുകാര്‍ക്ക് താല്പര്യമുണ്ടാവുക സ്വാഭാവികവുമാണല്ലോ
അപ്പോഴാണ് അവിടത്തെ ന്യായാന്യായങ്ങളെക്കുറിച്ച് പെണ്‍‌വീട്ടുകാര്‍ വിലയിരുത്തുന്നതും അഭിപ്രായം പറയുന്നതും .ഇത്
എന്തുമാത്രം കുഴപ്പം പിടിച്ചതാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് വസ്തുത. അതിനാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കുന്നത് നല്ലത് . ഇനി ഇവരേക്കാള്‍ കൂടുതല്‍ പ്രശ്നക്കാരുണ്ട്
അത് പെണ്‍‌കുട്ടിയുടെ ആന്റിമാരാണ് . ഈ ആന്റിമാര്‍ ചെറുപ്പക്കാരാണെങ്കില്‍ സൂക്ഷിച്ചേ മതിയാവൂ അവര്‍ അവരുടെ
ഐഡിയോളജി പെണ്‍കുട്ടിയില്‍ പ്രയോഗിച്ചുകളയും അതിനാല്‍ ചെറുപ്പക്കാരായ ആന്റി മാരെ സൂക്ഷിക്കുക . അവര്‍
നിങ്ങളുടെ പെണ്‍കുട്ടിയെ വഴിതെറ്റിക്കും . എന്നു വെച്ചാല്‍ എല്ലാവരും അങ്ങനെയുള്ളവര്‍ ആയിരിക്കണമെന്നില്ല, പക്ഷെ
ഭൂരിഭാഗവും അങ്ങനെയാണ് . വിപ്ലവകരമായ കാര്യങ്ങള്‍ നിങ്ങളുടെ പെണ്‍‌മക്കളില്‍ കുത്തിവെച്ച് അവരെ ഒരു
ഗാര്‍ഹിക നക്സലൈറ്റ് ആക്കിതീര്‍ക്കും .പല പെണ്‍കുട്ടികളും ഭര്‍ത്താവിന്റെ വീ‍ട്ടിലെ അനീതികള്‍ വീട്ടില്‍ പറഞ്ഞ് സ്വാന്തനം ലഭിക്കുവാന്‍ ശ്രമിക്കാറുണ്ട് . പെണ്‍ കുട്ടിയുടെ വീട്ടുകാരാകട്ടെ ഭര്‍ത്താവിന്റെ വീ‍ട്ടിലെ അഡ്മിനിസ്ട്രേഷനെ എങ്ങനെയൊക്കെ എതിര്‍ക്കാം എന്നുള്ള വഴികള്‍ പെണ്‍ കുട്ടിക്കു പറഞ്ഞുകൊടുക്കും . ഇതോടെ ആ ദാമ്പത്യ ബന്ധം അവസാനിക്കാനുള്ള അദ്യത്തെ കാല്‍‌വെപ്പ് ആയി. അതിനാല്‍ മാതാപിതാക്കളെ നിങ്ങളുടെ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീ‍ട്ടില്‍ സുഖമായി കഴിയണമെന്നുണ്ടെങ്കില്‍
ഭര്‍ത്താവിന്റെ വീ‍ട്ടിലെ നിയമങ്ങളെ എതിര്‍ക്കാനല്ല മറിച്ച് അവയുമായി എങ്ങനെ ഒത്തൊരുമിച്ച് പോകാം .
കൂടുതാലായി കാര്യങ്ങള്‍ നമുക്ക കമന്റുകള്‍ വഴി പ്രതിക്ഷിക്കാം

ഹൈഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക

പ്രിയപ്പെട്ട , ബഹുമാനപ്പെട്ട അമ്മമാരേ ,പെങ്ങമ്മാരേ,
എന്നോട് ക്ഷമിക്കേണമേ,
എന്തെന്നു വെച്ചാ‍ല്‍ , ഞാന്‍ ഈ പറയുവാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കുവേണ്ടിയാണെന്നു മനസ്സിലാക്കുക.
അതുകൊണ്ട് നിങ്ങള്‍ എന്റെ വാക്കുകള്‍ സശ്രദ്ധം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക.
അതാണ് ദൈവം ആഗ്രഹിക്കുന്നതും
അതിനാല്‍ നിങ്ങള്‍ അത് ചെയ്യുക
കാര്യം വെരി സിമ്പിള്‍
നിങ്ങള്‍ ചെരിപ്പ് വാങ്ങുമ്പോള്‍ ഹൈഹീല്‍ വാങ്ങാതിരിക്കുക.
അത് നിങ്ങളുടെ ആരോഗ്യത്തിനു ദോഷമാണെന്നറിയുക
അതു മാത്രമോ ?
അത് നിങ്ങളുടെ കുടുംബത്തിന്റെ ധനസ്ഥിതിയെ തകരാറാക്കുകയും ചെയ്യുമെന്നറിയുക
എങ്ങനെയാണ് ധനസ്ഥിതി തകരാറിലാക്കുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം
ഉയര്‍ന്ന വിലകൊടുത്ത് വാങ്ങുന്നതുമാത്രമല്ല, ഇത് ധരിക്കുക വഴി നിങ്ങളുടെ ശരീ‍രത്തിന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ വേണ്ടിവരുന്ന ആശുപത്രിച്ചെലവ് കൂടി പരിഗണിച്ചാല്‍ മതി.
ഹൈഹീല്‍ ചെരിപ്പ് നിങ്ങളെ മാത്രമല്ല നിങ്ങള്‍ ജന്മം കൊടുക്കുവാന്‍ പോകുന്ന കുട്ടിളേയും അത് ബാധിക്കുമെന്നറിയുക.
ഉയരക്കുടുതല്‍ തോന്നുവാന്‍ വേണ്ടിയാണ് ചിലര്‍ ഇത് ധരിക്കുന്നത് .
പക്ഷെ , ഒന്നോര്‍ക്കുക ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്നത് ഈ ഉയരമാണ്. അതിനെ ഒളിപ്പിച്ചുവെക്കുവാന്‍ ശ്രമിക്കുന്നത് പാപമല്ലേ സഹോദരിമാരേ.
പിന്നെ , മറ്റൊന്ന്
ഹൈഹീല്‍ ചെരിപ്പ് ധരിച്ചാല്‍ പുരുഷന്മാരേ ആകര്‍ഷിക്കുവാന്‍ സാധിക്കുമെത്രെ!
ഇത് ധരിച്ച് നടക്കുംപ്പോള്‍ ഉണ്ടാക്കുന്ന് അണ്‍ ബാലന്‍സിംഗ് അഥവാ ശരീരത്തിന്റെ ഗുരുത്വകേന്ദ്രമാറ്റം ഉളവാക്കുന്ന ശാരീരിക ചലനങ്ങള്‍ സ്ത്രീ ശരീരത്തിന്റെ നി‌മ്‌നോന്നതെങ്ങളെ വ്യക്തമായി പ്രത്യക്ഷമാക്കുന്ന രീതിയില്‍ പ്രകടിപ്പിക്കുമത്രെ.
സ്ത്രീ ശരീരത്തിന്റെ നിമ്‌നോന്നതങ്ങളാണ് ഭംഗിയെന്ന് കാളിദാസന്‍ കുമാരസംഭവത്തില്‍ പറഞ്ഞീട്ടുണ്ട്.
മാത്രമല്ല , സന്ധ്യയില്‍ സുതാര്യമായ കര്‍ട്ടണിലൂടെ കാണുന്ന സ്ത്രീ ശരീര നിമ്‌നോന്നതങ്ങള്‍ക്ക് അപാര ഭംഗിയാണെന്ന് കീറ്റ്‌സും പറഞ്ഞീട്ടുണ്ട്.
ഇതൊക്കെ ഹൈഹീല്‍ ചെരിപ്പിന്റെ ഗുണമേന്മയല്ല സ്ത്രീ ജനങ്ങളേ
അതിനാല്‍ ആ തെറ്റിദ്ധാരണ ഒഴിവാക്കൂ
ഗര്‍ഭാശയ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന ഈ ഹൈഹീല്‍ പ്രേമം നമുക്ക് ഒഴിവാക്കികൂടെ
ഹൈ ഹീല്‍ ചെരിപ്പ് ധരിക്കുകയില്ലെന്ന് സ്ത്രീ സംഘടനകള്‍ക്ക് പ്രതിജ്ഞ എടുത്തുകൂടെ
ഹൈ ഹീല്‍ ചെര്‍പ്പുകള്‍ വില്‍ക്കുന്ന ചെരിപ്പുകടക്കുമുന്നില്‍ ധര്‍ണ്ണ നടത്തിക്കൂടെ
ഇതിനോട് എല്ലാവരും സഹകരിക്കുക
അതിനുവേണ്ടി നിങ്ങള്‍ ഈ സന്ദേശം ഇ-മെയില്‍ അയക്കുക

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

ജനകീയ ഐക്യവേദിയുടെ 12 ഇന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

2010 ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

വെയിലില്‍ വാടാതെ, മഴയില്‍ കുതിരാതെ...

ഈയടുത്താണ്‌ അദ്ദേഹത്തെ വീണ്ടും കണ്ടത്‌. വിദേശത്ത്‌ ഇസ്‌ലാമിക പ്രബോധനത്തില്‍ സജീവ പങ്കാളിയായ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്നതാണ്‌. ഒരു രാത്രി ഞങ്ങള്‍ ഒരുമിച്ചിരുന്നു. കുവൈത്തിന്റെ വിദൂര ദിക്കില്‍ നീണ്ടുപരന്ന മരുഭൂമിയുടെ വക്കില്‍ മനോഹരമായ ആ കൊച്ചുവീട്ടിലിരുന്ന്‌ ഞങ്ങള്‍ സംസാരം തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചുറ്റുമുണ്ട്‌. ഭക്തി കൊണ്ട്‌ അലങ്കരിക്കപ്പെട്ട ആ വീട്‌ ആരെയും ആകര്‍ഷിക്കും. മുപ്പത്‌ വര്‍ഷത്തിലേറെയുള്ള കുവൈത്തിലെ ജീവിതം അദ്ദേഹം ഇതള്‍ നിവര്‍ത്തി; കനല്‍വഴികളിലൂടെയുള്ള ആ ജീവിതയാത്ര പലരെയും പലതും പഠിപ്പിക്കും. അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞു:

``എന്റെ ജീവിതത്തില്‍ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്‌. ഇപ്പോഴും കണ്ണു നനയുകയും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാവുകയും ചെയ്യുന്ന അനുഭവങ്ങളാണത്‌. വളരെ ചെറുപ്രായത്തില്‍ വിദേശത്ത്‌ എത്തിയവനാണ്‌ ഞാന്‍. ഭാര്യയെ ഇങ്ങോട്ടു കൊണ്ടുവന്ന്‌, അവള്‍ പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ്‌ ഇവിടെ ഇറാഖ്‌-കുവൈത്ത്‌ യുദ്ധം ആരംഭിച്ചത്‌. മരണം പ്രതീക്ഷിച്ചു കഴിഞ്ഞ എത്രയോ നിമിഷങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. തൊട്ടപ്പുറത്തുള്ള വീടുകളില്‍ വരെ ബോംബാക്രമണം നടന്നു. ഒരിക്കല്‍, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒരു ഇറാഖീ സൈനികന്‍ എന്റെ നേരെ തോക്കു ചൂണ്ടി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്‌ രക്ഷപ്പെട്ടത്‌. പ്രസവശേഷം ആ കൈക്കുഞ്ഞുമായാണ്‌ ഞങ്ങള്‍ നാട്ടിലേക്കു പോകാനൊരുങ്ങിയത്‌. കൈയില്‍ പണമില്ല. വാഹനമില്ല. ചുറ്റും ഇറാഖീ സൈന്യം! ആര്‍ക്കും എങ്ങനെയും രക്ഷപ്പെടാനാകില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ചിലപ്പോഴൊക്കെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായി. ചെറിയ കുഞ്ഞ്‌ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക്‌ വേഗം പോകാന്‍ വഴിയൊരുങ്ങി.

ബാഗ്‌ദാദ്‌ വരെ ബസ്സിലാണ്‌ യാത്ര. നാട്ടില്‍ പോകാന്‍ വഴിയില്ലാതെ പൊട്ടിക്കരയുന്ന എത്രയോ പേര്‍, അന്നു ഞങ്ങളെ യാത്രയയ്‌ക്കാന്‍ കുടെ വന്നു. ആരും കൊതിച്ചു പോകുന്ന രക്ഷപ്പെടലായിരുന്നു അത്‌. പക്ഷെ, എന്റെ മനസ്സില്‍ എന്തോ ഒരു പന്തികേട്‌. ഞാന്‍ ഭാര്യയോട്‌ പറഞ്ഞു: നമുക്ക്‌ ഇറങ്ങാം! മറുത്തൊരു വാക്കും അവള്‍ പറഞ്ഞില്ല. ഞങ്ങള്‍ ഇറങ്ങി. എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി. പക്ഷെ, പിന്നെയാണ്‌ അറിയുന്നത്‌, ആ ബസ്സില്‍ പോയവരെല്ലാം വെറും കൈയോടെ തിരികെ വന്നു! അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും എനിക്ക്‌ വര്‍ധിച്ചു. അവനാണ്‌ സഹായിച്ചത്‌. പിന്നീടും നാട്ടിലേക്ക്‌ പോകാനൊരുങ്ങി. ആ യാത്രയുടെ കഥ വിവരിച്ചാല്‍ തീരുകയില്ല. കൈയില്‍ പണമില്ല, ഭക്ഷണമില്ല, മറ്റൊരു വസ്‌ത്രമില്ല -പക്ഷേ ഒന്നു മാത്രം ഉണ്ടായിരുന്നു; പടച്ചവനിലുള്ള പതറാത്ത പ്രതീക്ഷ! അവന്‍ ഞങ്ങളെ സഹായിച്ചു. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ നാട്ടില്‍ വിമാനമിറങ്ങി. അഭയാര്‍ഥികളായിരുന്നു ഞങ്ങള്‍. മുഷിഞ്ഞു നാറിയ വസ്‌ത്രങ്ങളായതുകൊണ്ട്‌, പകലില്‍ വീട്ടിലേക്കു പോയില്ല; രാത്രിയാകാന്‍ കാത്തിരുന്നു. ഇന്നുമോര്‍ക്കുമ്പോള്‍ അല്ലാഹുവിനോടുള്ള നന്ദിയും കടപ്പാടും എങ്ങനെ തീര്‍ക്കും!''

ഓര്‍മയുടെ തീനാളങ്ങള്‍ ചൂടേല്‌പിച്ചപ്പോള്‍ അവരുടെയെല്ലാം കണ്ണു നിറഞ്ഞു. കണ്ണു നിറഞ്ഞാലും ഈമാന്‍അവരുടെ നെഞ്ചിലുണ്ട്‌.

``പിന്നെയും ഇങ്ങോട്ടു പോന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൊണ്ട്‌ നല്ല അവസ്ഥയില്‍ ജീവിച്ചു. പക്ഷേ, അവന്റെ പരീക്ഷണങ്ങള്‍ എന്നെ വിട്ടുപോയില്ല. വാഹനം പല പ്രാവശ്യം അപകടത്തില്‍ പെട്ടു. മരണത്തെ മുഖാമുഖം കണ്ട നേരത്തും ഈമാനോടു കൂടി പിടിച്ചുനിന്നു. അല്ലാഹുവിനെപ്പറ്റി അറിഞ്ഞ കാര്യങ്ങള്‍ ഹൃദയത്തിന്‌ കരുത്തായിത്തീര്‍ന്നു. എനിക്കറിയാം, എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളായിരുന്നു. എന്റെ ഈമാന്‍ അളന്നുനോക്കുകയായിരുന്നു. പരീക്ഷണങ്ങളിലാണ്‌ ഈമാന്‍ നഷ്‌ടപ്പെട്ടുപോവുക. എന്റെ ഉപ്പയാണ്‌ എനിക്ക്‌ മാതൃക. അര്‍ഹതയില്ലാത്ത ഒന്നും അദ്ദേഹം അനുഭവിച്ചിട്ടില്ല. ഭൗതികമായി ഒന്നും ഞങ്ങള്‍ക്ക്‌ ബാക്കി വെച്ചില്ലെങ്കിലും ആത്മീയമായ ശക്തിയും ഉന്നത മൂല്യങ്ങളും ഞങ്ങളില്‍ നിറച്ചു. രോഗം കഠിനമായ സമയത്ത്‌, എന്തിനോ ആംഗ്യം കാണിച്ചു. എഴുന്നേറ്റിരിക്കാനായിരുന്നു. കലിമ ചൊല്ലി, നമസ്‌കരിക്കാന്‍ കൈ കെട്ടി. കമിഴ്‌ന്നു വീണു, മരിച്ചു! ഉപ്പ നല്‌കിയ ഉപദേശങ്ങള്‍ മുഴുവന്‍ ഖുര്‍ആനായിരുന്നു. എന്റെ മക്കളെയും ആ വഴിയിലൂടെയാണ്‌ ഞാന്‍ നടത്തുന്നത്‌...''

അനുഭവങ്ങളുടെ അനേകം കഥകള്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു; സ്‌നേഹധന്യയായ ആ ഭാര്യ അദ്ദേഹത്തിന്റെ വലിയ കരുത്താണ്‌. എന്തിലും പരിഭവമില്ലാതെ, എത്രയും പിന്തുണയായി, എവിടെയും താങ്ങായി അവര്‍ കൂടെയുണ്ട്‌. ഈമാനിന്റെ ശക്തി അനുഭവിക്കുന്നവരാണ്‌ ഈ കുടുംബാംഗങ്ങള്‍. ഈമാന്‍ അറിയാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്‌!

ഭര്‍ത്താവും മക്കളുമെല്ലാം മരണപ്പെട്ട്‌, കഷ്‌ടപ്പാടിന്റെ കടലില്‍ ഒറ്റപ്പെട്ട ഒരു സ്‌ത്രീയെ പരിചയമുണ്ട്‌. ``ഖുര്‍ആന്‍ പഠിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തിരിക്കും'' എന്നാണവര്‍ പറഞ്ഞത്‌! ഭാര്യയും മകനും മകന്റെ ഭാര്യയും മകളും ഭര്‍ത്താവും മരണപ്പെട്ട്‌ സങ്കടക്കടലിലായ ഒരാളുണ്ട്‌. അദ്ദേഹം പറഞ്ഞതിങ്ങനെ: ``എനിക്ക്‌ അല്ലാഹു മാത്രമാണ്‌ ആശ്വാസം!''

തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌: ``പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുന്നവനെ അല്ലാഹു കൂടുതല്‍ ക്ഷമാശീലം നല്‌കി അനുഗ്രഹിച്ചുകൊണ്ടിരിക്കും. ക്ഷമയെക്കാള്‍ വിപുലവും വിശിഷ്‌ടവുമായ ഒരുനുഗ്രഹവും ഒരാള്‍ക്കും നല്‌കിയിട്ടില്ല.'' (ഇമാം മാലിക്‌-മുവത്വ 2:997)

ഇനിയും പലതും അനുഭവിക്കാനുള്ളതാണ്‌ നമ്മുടെയൊക്കെ ജീവിതം. അന്ന്‌ പിടിച്ചുനില്‌ക്കാനുള്ള ഈമാന്‍ ഇന്ന്‌ ശേഖരിച്ചുകൊണ്ടിരിക്കണം. നല്ല കാലത്ത്‌ പണം നിക്ഷേപിച്ചവര്‍ക്കേ, പ്രയാസമുള്ളപ്പോള്‍ എ റ്റി എമ്മില്‍ നിന്ന്‌ പണം ലഭിക്കൂ; അല്ലേ?